
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തം. പ്രതികളായ ഡി വൈ എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിഷേധം.
ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അരുണിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതികൾ നാളെ മുൻകൂർ ജാമ്യപേക്ഷ നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം, പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ നിരാശയുണ്ടെന്ന് മദനമേറ്റ സുരക്ഷാ ജീവനക്കാരൻ ദിനേശൻ പറഞ്ഞു. രാഷ്‌ട്രീയ സമ്മർദമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാർ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ദമ്പതികൾ പോയതിന് പിന്നാലെ പ്രതികൾ സ്ഥലത്തെത്തി അക്രമം നടത്തുകയായിരുന്നു. മൂന്ന് സുരക്ഷാ ജീവനക്കാർക്കും, രോഗികളെ സന്ദർശിക്കാനെത്തിയവർക്കുമാണ് മർദനമേറ്റത്.