
കൊട്ടാരക്കര: അദാനിയുടെ താത്പര്യം സംരക്ഷിക്കുന്ന ഇരട്ട എൻജിൻ കൊണ്ട് രാജ്യം രക്ഷപ്പെടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ 73ാം രക്തസാക്ഷി ദിനാചരണം കോട്ടാത്തല ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ മുതലാളിയെ ലോക മുതലാളിയാക്കി മാറ്റാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇരട്ട എൻജിൻ സർക്കാർ അതിന്റെ ഭാഗമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ മൂന്നാമനായി അദാനി മാറി. ഇരട്ട എൻജിൻ സർക്കാർ വന്നിട്ടും ഗുജറാത്തും യു.പിയും വികസിച്ചില്ല. യു.പിയിൽ 48 ശതമാനമാണ് ദാരിദ്ര്യം.
വിഭവങ്ങളുടെ കാര്യത്തിൽ ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ദരിദ്രരുമുള്ളത്. സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു. എന്നാൽ കേരളത്തിൽ ദാരിദ്ര്യം 0.7 ശതമാനം മാത്രമാണ്. നാലുവർഷത്തിനുള്ളിൽ കേരളത്തിൽ അതിദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ദിനാചരണ കമ്മിറ്റി ചെയർമാൻ എൻ.സജമോൻ അദ്ധ്യക്ഷനായി. മന്ത്രി കെ.എൻ.ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, കെ.വരദരാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, സി.പി.എം കൊട്ടാരക്കര എരിയാ സെക്രട്ടറി പി.കെ. ജോൺസൻ, നെടുവത്തൂർ ഏരിയാ സെക്രട്ടറി ജെ.രാമാനുജൻ, സി.പി.ഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ.എസ്.ഷാജി, നെടുവത്തൂർ മണ്ഡലം സെക്രട്ടറി ആർ.മുരളീധരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ, ദിനാചരണ കമ്മിറ്റി സെക്രട്ടറി എം.ചന്ദ്രൻ എന്നിവർ സംസാരിച്ചു