
സുൽത്താൻ ബത്തേരി: കടുവപേടിയിൽ ഭയന്നു കഴിയുന്ന ബത്തേരി നിവാസികൾക്ക് സന്തോഷം നൽകുന്നതിനായി ഹാപ്പി ബത്തേരിയുടെ ഭാഗമായി സുൽത്താൻ ബത്തേരി പട്ടണത്തിൽ ആറിന് പുലികളി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുൽത്താൻ ബത്തേരി നഗരസഭയും കേരള അക്കാദമി ഓഫ് എൻജിനിയറിംഗും സംയുക്തമായിട്ടാണ് പുലികളി നടത്തുന്നത്. പ്രഫഷണൽ പുലികളിക്കാരായ തൃശ്ശൂർ വടക്കുംനാഥൻ ടീമാണ് പുലികളിയുമായി ബത്തേരിയിൽഎത്തുന്നത്.
ഒരു ഡസനോളം പുലികളാണ് ബത്തേരി പട്ടണത്തിൽ ആടിത്തിമിർക്കുന്നത്. 6ന് രാവിലെ 10.30ന്‌കോട്ടക്കുന്നിൽ നിന്നാണ് പുലികൾ നീങ്ങുക. പട്ടണത്തിലൂടെ സഞ്ചരിച്ച് നഗരസഭ ഓഫീസ് പരിസരത്ത് സമാപിക്കും. പുലികളിക്ക് കൊഴുപ്പേകികൊണ്ട് ആർപ്പുവിളികളും ഓണപ്പാട്ടുകളുമായി ജനകീയ ഓണഘോഷയാത്രയും ഇതോടൊപ്പം നീങ്ങും. ഓണാഘോഷവുമായി ബന്ധപ്പെട്ട് സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവരും കുടുംബശ്രീ പ്രവർത്തകർ, തൊഴിലാളികൾ വ്യാപാരികൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ ടി.കെ രമേശ്, കേരള അക്കാദമി ഓഫ് എൻജിനീയറിംഗ് മാനേജിംഗ് ഡയറക്ടർ ജേക്കബ് സി വർക്കി, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ കെ റഷീദ്, ടോംജോസ്, കേരള അക്കാദമിപ്രോഗ്രാം കോർഡിനേറ്റർ ബിനു പ്രകാശ് എന്നിവർ പങ്കെടുത്തു.