modi-nitish

പട്‌ന: പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിച്ചുനിന്നാൽ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ 50 സീറ്റിൽ ഒതുക്കാമെന്ന് ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. പട്‌നയില്‍ നടന്ന ജെ.ഡി.യുവിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാരിന് കീഴിൽ രാജ്യത്ത് 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യുണ്ടെന്നും അത് പ്രതിപക്ഷ നേതാക്കളുടെ ശബ്ദം നിശബ്ദമാക്കാൻ എല്ലാ രീതിയിലും ശ്രമിക്കുന്നുവെന്നും നിതീഷ് കുമാർ പറഞ്ഞു.കേന്ദ്ര സർക്കാരിനോട് വിയോജിപ്പിനുള്ളവരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യദ്രോഹിയായി മുദ്രകുത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ലക്ഷ്യമിട്ട് നിതീഷ് കുമാർ രണ്ട് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ബി.ജെ.പിക്കെതിരായ വിമർശനം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടുന്നതിനായി രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളുമായി നിതീഷ് കുമാര്‍ ചര്‍ച്ചനടത്തുമെന്നാണ് വിവരങ്ങൾ. ജെ.ഡി.യുവിന്റെ യോഗത്തിലെ പ്രധാന ചർച്ചാവിഷയവും ദേശീയ രാഷ്ട്രീയത്തിലെ പ്രതിപക്ഷ കൂട്ടായ്‌മയായിരുന്നു. 2024 ല്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് ആയിരിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്.