
പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന പന്ത്രണ്ടുവയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു. കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പേവിഷബാധ ഏറ്റിട്ടുണ്ടോയെന്നതിൽ സ്ഥിരീകരണമായില്ല.
റാന്നി പെരുനാട് മന്ദപ്പുഴ ചേത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്നത്. കുട്ടിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ബോർഡ് ഇടയ്ക്കിടെ യോഗം ചേർന്ന് കുട്ടിയുടെ ആരോഗ്യനിലയും വിലയിരുത്തുന്നു. കുട്ടിയുടെ തലച്ചോറിൽ വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുന്നു. എന്നാലിത് പേവിഷബാധയുമായി ബന്ധപ്പെട്ട വൈറസ് തന്നെയാണോ എന്നത് തീർച്ചപ്പെടുത്താനായിട്ടില്ല. കുട്ടിയുടെ ശരീരസ്രവങ്ങൾ പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂവെന്നാണ് വിശദീകരണം.
കഴിഞ്ഞ 13ന് രാവിലെ അയൽവീട്ടിലേക്ക് പാൽ വാങ്ങാൻ പോയ അഭിരാമിയെ റോഡിൽ വച്ചാണ് നായ കടിച്ചത്. മുഖത്തും കണ്ണിനും കഴുത്തിനും കാലിനുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് മൂന്ന് ഡോസ് വാക്സിനെടുത്തു. നാലാമത്തേത് ഈ മാസം പത്തിനാണ്. അതിനിടെ വെളളിയാഴ്ച ആരോഗ്യനില മോശമായി. ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ അവശനിലയിലായ കുട്ടിക്ക് എഴുന്നേൽക്കാൻ പോലും കഴിയാതെ വന്നു. വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൈലപ്ര സേക്രട്ട് ഹാർട്ട് സ്കൂളിലെ ഏഴാംക്ളാസ് വിദ്യാർത്ഥിനിയാണ് അഭിരാമി.
അതേസമയം, മൂന്ന് ഡോസ് വാക്സിൻ കുത്തിവച്ചിട്ടും കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. മരുന്നിന്റെ ഗുണനിലവാരത്തെപ്പറ്റി സംശയമുണ്ടെന്നും അഭിരാമിയുടെ ബന്ധുക്കൾ പറഞ്ഞു.