
ധാക്ക : മ്യാൻമാറിൽ നിന്നും സ്വയരക്ഷാർത്ഥം അയൽരാജ്യങ്ങളിലേക്ക് അനധികൃതമായി കുടിേയറിയ റോഹിങ്ക്യൻ വംശജരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ബംഗ്ലാദേശ് ഇപ്പോൾ. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ മ്യാൻമാറിൽ നിന്നും റോഹിങ്ക്യകൾ എത്തിയിരുന്നു എങ്കിലും ബംഗ്ലാദേശ് അവർക്ക് അനുകൂലമായ നിലപാടായിരുന്നു ആദ്യം മുതൽക്കേ സ്വീകരിച്ചിരുന്നത്. ഇതിന്റെ ഫലമായി 1.1 ദശലക്ഷം റോഹിങ്ക്യകളാണ് അവിടെ എത്തിയത്. ക്യാംപുകളിൽ ഇവരെ പാർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ കുറ്റകൃത്യങ്ങളിലടക്കം ഇവർ ഇടപെടുന്നതിനാൽ റോഹിങ്ക്യകളെ പരിപാലിക്കുന്നത് ബംഗ്ലാദേശിന് തലവേദനയായിരിക്കുകയാണ്. ഈ വിഷയത്തിൽ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
' നിങ്ങൾക്കറിയാമോ... ഞങ്ങൾക്ക് ഇത് ഒരു വലിയ ഭാരമാണ്. ഇന്ത്യ ഒരു വലിയ രാജ്യമാണ്; നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയും, പക്ഷേ നിങ്ങൾക്ക് അധികമില്ല. എന്നാൽ നമ്മുടെ രാജ്യത്ത്... ഞങ്ങൾക്ക് 1.1 ദശലക്ഷം റോഹിങ്ക്യകളുണ്ട്. അതിനാൽ ഞങ്ങൾ അന്താരാഷ്ട്ര സമൂഹവുമായും നമ്മുടെ അയൽരാജ്യങ്ങളുമായും കൂടിയാലോചിക്കുന്നു, അവർക്ക് നാട്ടിലേക്ക് മടങ്ങാൻ ചില നടപടികൾ സ്വീകരിക്കണം,' വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ ഹസീന പറഞ്ഞു. റോഹിങ്ക്യകളെ അവരുടെ നാട്ടിലേക്ക് അയക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര സമൂഹത്തെ സമീപിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബംഗ്ലാദേശിൽ ലക്ഷക്കണക്കിന് റോഹിങ്ക്യകളുടെ സാന്നിദ്ധ്യം വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ട്. ആയുധക്കടത്തും, മയക്കുമരുന്ന് ഇടപാടുകളും സ്ത്രീകളെ കടത്തുന്നത് പോലെയുള്ള കുറ്റകൃത്യങ്ങൾ റോഹിംഗ്യകൾക്കിടയിൽ വർദ്ധിക്കുന്നതായും ഹസീന പറഞ്ഞു. കൊവിഡ് സമയത്ത് മാനുഷിക പരിഗണന വച്ച് എല്ലാ റോഹിങ്ക്യകൾക്കും വാക്സിനേഷൻ നൽകിയെന്നും പ്രധാനമന്ത്രി അറിയിച്ചു. അവരെ തിരികെ വിടണമെന്നും, ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് സഹായിക്കാനാവുമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.