
ശ്രീനഗർ: പാക് ഭീകരൻ സൈനിക ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ അറസ്റ്റിലായ തബാറക് ഹുസൈൻ (32) എന്ന ഭീകരനാണ് മരിച്ചത്. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ സൈനിക ആശുപത്രിയിൽവച്ചായിരുന്നു മരണം.
പാക് അധീന കാശ്മീരിലെ സബ്‌സ്‌കോട്ട് സ്വദേശിയാണ് തബാറക് ഹുസൈൻ. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് ഇയാളെ സുരക്ഷ സേന പിടികൂടിയത്. ആറ് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ലഷ്‌കർ ഇ തൊയ്ബ ഭീകരനായ ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്.
നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്ക് സുരക്ഷാ സേനയുടെ വെടിയേറ്റിരുന്നു. തുടർന്ന് സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ഇന്ത്യൻ ആർമി പോസ്റ്റ് ആക്രമിക്കാനുള്ള പദ്ധതിയുമായാണ് ഹുസൈൻ എത്തിയത്. ചാവേർ ആക്രമണത്തിനെത്തിയ ഇയാൾക്കൊപ്പം രണ്ട് പേർ കൂടിയുണ്ടായിരുന്നു.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയിലെ കേണൽ യൂനുസ് ചൗധരി തനിക്ക് 30,000 രൂപ നൽകിയതായി ഹുസൈൻ ആശുപത്രിയിൽ വച്ച് തുറന്നുപറഞ്ഞിരുന്നു.