
ഭോപ്പാൽ: മുങ്ങിത്താഴുകയായിരുന്ന 25കാരനെ നിറഞ്ഞൊഴുകുകയായിരുന്ന കനാലിലേയ്ക്ക് എടുത്തുചാടി രക്ഷപ്പെടുത്തി യുവതി. മദ്ധ്യപ്രദേശിലെ ഖജൂരിയയിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
റബീന കഞ്ചർ (30) പത്തുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം കനാലിൽ നിന്ന് വെള്ളമെടുക്കാൻ എത്തിയതായിരുന്നു. ഇതിനിടെ രണ്ട് യുവാക്കൾ കനാൽ കടന്നു മറുകരയിലെത്താൻ ശ്രമിക്കുന്നത് കണ്ടു. ഭോപ്പാലിലെ കദയ്യകല സ്വദേശി രാജു അഹിർവാർ (25) സുഹൃത്ത് ജിതേന്ദ്ര അഹിർവാർ എന്നിവർ പാടത്ത് മരുന്ന് തളിക്കുന്നതിനായാണ് ഖജൂരിയ ഗ്രാമത്തിലെത്തിയത്.
കനത്ത മഴയുണ്ടായിരുന്നതിനാൽ കനാൽ നിറഞ്ഞുകവിഞ്ഞൊഴുകുകയായിരുന്നു. ഇരുവരും കനാൽ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതുകണ്ട് മറുകരയിൽ നിന്ന സുഹൃത്തുക്കൾ വിലക്കി. ബൈക്കിൽ ഇപ്പുറം എത്തുന്നതിനായി താക്കോലും ഇവർ എറിഞ്ഞുകൊടുത്തു. എന്നാൽ താക്കോൽ വെള്ളത്തിൽ വീഴുകയാണ് ചെയ്തത്. പിന്നാലെ ഇരുവരും കനാൽ കടക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഇതെല്ലാം കണ്ടുനിന്ന റബീനയും പരിചയക്കാരനായ രാജുവിനെ വിലക്കി.
എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതെ രാജുവും ജിതേന്ദ്രയും കനാലിലേയ്ക്കിറങ്ങുകയും അടിതെറ്റി വെള്ളത്തിൽ വീഴുകയും മുങ്ങിതാഴുകയും ചെയ്തു. രക്ഷിക്കുന്നതിനായി രാജു കേണപേക്ഷിക്കുന്നത് കേട്ട റബീന പത്തുമാസം പ്രായമുള്ള കുഞ്ഞിനെ നിലത്തുകിടത്തി വെള്ളത്തിലേയ്ക്ക് എടുത്തുചാടി രാജുവിനെ രക്ഷിക്കുകയായിരുന്നു. ജിതേന്ദ്രയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിറ്റേന്ന് കനാലിൽ നിന്ന് ജിതേന്ദ്രയുടെ മൃതദേഹം കണ്ടെടുത്തു.
'ചേച്ചീ രക്ഷിക്കൂ' എന്ന വിളി കേട്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ലെന്ന് റബീന പറഞ്ഞു. 'രാജു തന്റെ ഗ്രാമത്തിൽ നിന്നുള്ളയാളാണ്. എനിക്ക് നീന്തലും അറിയാം. എനിക്കവനെ രക്ഷിക്കാൻ സാധിക്കുമെന്ന് അറിയാമായിരുന്നു. ജിതേന്ദ്രയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല'-റബീന പറഞ്ഞു.
റബീനയുടെ ധീരമായ പ്രവൃത്തിയെ പൊലീസ് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിരുന്ന റബീനയുടെ സഹോദരനെയും പൊലീസ് അനുമോദിച്ചു.