
ധാക്ക: രാജ്യത്ത് ദുർഗാപൂജയുമായി ബന്ധപ്പെട്ട പന്തലുകൾ തകർക്കപ്പെട്ടതും ക്ഷേത്രങ്ങൾ നശിപ്പിച്ചതുമായ സംഭവങ്ങളിൽ വിശദീകരണവുമായി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന. 'ബംഗ്ളാദേശ് ഒരു മതേതര രാജ്യമാണ്. ഇവിടെ നിരവധി മതങ്ങളുണ്ട്. മതസൗഹാർദ്ദവുമുണ്ട്. ഇത്തരം ഒന്നോ രണ്ടോ സംഭവമുണ്ടാകുമ്പോൾ ഉടനടി നടപടിയെടുക്കാറുണ്ട്.' ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷേയ്‌ഖ് ഹസീന. തന്റെ സർക്കാർ മതനിരപേക്ഷതയെ ശക്തമായി പിന്തുണയ്‌ക്കുന്നെന്നും സാമുദായിക സൗഹാർദ്ദം തകർക്കാനുളള ഏതൊരുതരം ശ്രമവും എതിർക്കുമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി വ്യക്തമാക്കി.
മത തീവ്രവാദം തങ്ങളുടെ രാജ്യത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും നിരവധി രാജ്യങ്ങളിലുണ്ടെന്നും ഇന്ത്യയിലും അത്തരം തീവ്രവാദമുണ്ടെന്നും ഹസീന വാദിച്ചു. രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങളോട് നിങ്ങൾ ഞങ്ങളുടെ പൗരന്മാരാണെന്ന് എപ്പോഴും താൻ പറയാറുളളതായും ഹസീന ചൂണ്ടിക്കാട്ടി. തങ്ങൾ അധികാരത്തിലുളള കാലം ഹിന്ദുക്കൾക്ക് പ്രാധാന്യം നൽകുമെന്നും ഷേയ്‌ഖ് ഹസീന പറഞ്ഞു. ഇന്ത്യയിൽ പോലും ന്യൂനപക്ഷങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സെപ്‌തംബർ അഞ്ച് മുതൽ എട്ട് വരെയാണ് ഷേയ്‌ഖ് ഹസീനയുടെ ഇന്ത്യാ സന്ദർശനം. രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ചർച്ച നടത്തുമെന്നും അറിയിപ്പുണ്ട്. അജ്‌മേർ ദർഗ സന്ദർശനവും ബംഗ്ളാദേശ് പ്രധാനമന്ത്രിയുടെ പദ്ധതിയിലുണ്ട്.
ഹിന്ദു അദ്ധ്യാപകരെ വധിക്കുകയും ഹിന്ദു സ്‌ത്രീകളെ ബലാൽസംഗം ചെയ്‌തതുമായ സംഭവങ്ങൾ ബംഗ്ളാദേശിലുണ്ടായിട്ടുണ്ട്. ഇതിനെതിരെ രാജ്യത്തെ വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ലോഹാരയിലെ സഹപാര മേഖലയിൽ ജൂലായ് 15ന് വെളളിയാഴ്‌ച പ്രാർത്ഥനയ്‌ക്ക് ശേഷമെത്തിയ ജനക്കൂട്ടം ഹിന്ദു ഭവനങ്ങൾ തീയിട്ടിരുന്നു. ഒരു 18വയസുകാരൻ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്ന കാരണത്താലാണ് ഇവിടെ പ്രശ്‌നമുണ്ടായത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ബംഗ്ളാദേശിലെ ഹിന്ദു ജനസംഖ്യയിൽ വലിയ കുറവാണുണ്ടായതെന്ന് രേഖകൾ വ്യക്തമാക്കുന്നു. സെൻസസ് പ്രകാരമാണിത്. നിലവിൽ രാജ്യത്ത് ഒൻപത് ശതമാനത്തിൽ താഴെ മാത്രമാണ് ഹിന്ദുമത വിശ്വാസികളുളളത്. മുൻപ് 13.5 ശതമാനമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.
ഇതിനിടെ പ്രാണരക്ഷാർത്ഥം മ്യാൻമാറിൽ നിന്നും രാജ്യത്തേക്ക് കുടിയേറിയ റോഹിങ്ക്യൻ വംശജരെക്കൊണ്ട് തങ്ങൾ പൊറുതിമുട്ടിയതായി മുൻപ് ബംഗ്ളാദേശ് വ്യക്തമാക്കിയിരുന്നു. ഇവർക്ക് അനുകൂല നിലപാട് സ്വീകരിച്ചതോടെ രാജ്യത്ത് 1.1 ദശലക്ഷം റോഹിങ്ക്യകൾ എത്തിച്ചേർന്നതായാണ് സർക്കാർ നൽകുന്ന വിവരം. റോഹിങ്ക്യകൾ നാട്ടിലേക്ക് മടങ്ങാനുളള വഴിയാലോചിക്കണമെന്നാണ് ബംഗ്ളാദേശിന്റെ നിലപാട്.