bentley-car

ഇസ്ലാമാബാദ് : ലണ്ടനിൽ നിന്ന് മോഷ്ടിച്ച ആഡംബര വാഹനം കണ്ടെടുത്തത് പാകിസ്ഥാനിൽ. ആഴ്ചകൾക്ക് മുമ്പ് ലണ്ടനിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബെന്റ്ലി കാറാണ് പാകിസ്ഥാനിൽ നിന്നും കണ്ടെത്തിയത്. 300,000 ഡോളറിലധികം വിലമതിക്കുന്ന ബെന്റ്ലി കാർ പാകിസ്ഥാനിൽ ഒരു കൂറ്റൻ ബംഗ്ലാവിൽ നിന്നുമാണ് കണ്ടെത്തിയത്. മോഷണം പോയ കാർ മുൽസാൻ സെഡാൻ നഗരത്തിലെ ഡിഎച്ച്എ ഏരിയയിലെ ഒരു വീട്ടിൽ പാർക്ക് ചെയ്തതായി യുകെ നാഷണൽ ക്രൈം ഏജൻസിക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം പാകിസ്ഥാനിലേക്ക് നീണ്ടത്. ഇതേതുടർന്ന് കറാച്ചിയിലെ കളക്ടറേറ്റ് ഓഫ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് റെയിഡ് നടത്തിയാണ് മോഷണമുതൽ കണ്ടെടുത്തത്.

കാർമോഷ്ടാക്കൾക്ക് പറ്റിയ അബദ്ധമാണ് വാഹനം വീണ്ടെടുക്കാൻ പൊലീസിനെ സഹായിച്ചത്. ബെന്റ്ലിയിലെ ട്രെയ്സിംഗ് ട്രാക്കർ നീക്കം ചെയ്യുന്നതിനോ സ്വിച്ച് ഓഫ് ചെയ്യുവാനോ മോഷ്ടാക്കൾ മറന്നതാണ് കാരണം. നൂതന ട്രാക്കിംഗ് സംവിധാനത്തിലൂടെ വാഹനത്തിന്റെ കൃത്യമായ സ്ഥാനം ഇതോടെ യു കെയിൽ ഇരുന്ന് അന്വേഷണ ഏജൻസിക്ക് കണ്ടെത്താൻ കഴിഞ്ഞു. ഉദ്യോഗസ്ഥർ റെയിഡിനെത്തിയപ്പോൾ ബെന്റ്ലിക്ക് പാകിസ്ഥാൻ രജിസ്‌ട്രേഷനും നമ്പർ പ്ലേറ്റും സ്ഥാപിച്ചതും കണ്ടെത്തി. എന്നാൽ മോഷണം പോയ ഷാസി നമ്പർ ശരിയായതോടെയാണ് മോഷണ വാഹനം തിരിച്ചറിയാൻ സഹായിച്ചത്. തുടർന്നാണ് വാഹനം പിടിച്ചെടുത്തത്. സംഭവത്തിൽ വാഹനം വാങ്ങിയ ആൾ ഉൾപ്പടെ രണ്ട് പേർ പിടിയിലായി. വാഹനത്തിന്റെ രജിസ്‌ട്രേഷൻ വ്യാജമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കിഴക്കൻ യൂറോപ്യൻ രാജ്യത്തെ ഉന്നത നയതന്ത്രജ്ഞന്റെ രേഖകൾ ഉപയോഗിച്ചാണ് കാർ പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്തതെന്ന് കണ്ടെത്തി. വാഹനം കടത്തിയതുവഴി 300 ദശലക്ഷത്തിലധികം പാകിസ്ഥാൻ രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.