
ന്യൂഡൽഹി: കെ.കെ ശൈലജ മഗ്‌സസെ പുരസ്കാരം നിരസിച്ചത് പാർട്ടി തീരുമാനപ്രകാരമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്‌ട്രീയ നേതാക്കളെ മഗ്‌സസെ പുരസ്കാരത്തിന് പരിഗണിക്കുന്ന പതിവില്ലെന്നും യെച്ചൂരി പറഞ്ഞു.
'സർക്കാരിന്റെ കൂട്ടായ പ്രവർത്തനമാണ് കൊവിഡ് പ്രതിരോധം. വ്യക്തിയെന്ന നിലയിലാണ് മഗ്‌സസെ പുരസ്‌കാരത്തിന് ശെെലജയെ പരിഗണിച്ചത്. സ്വീകരിക്കേണ്ട അവാർഡ് അല്ല എന്ന നിലപാട് അറിയിച്ചത് ശെെലജയാണ്. രാഷ്‌ട്രീയ നേതാക്കൾക്ക് ഈ അവാർഡ് നൽകുന്ന പതിവില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്‌ത വ്യക്തിയാണ് മഗ്‌സസെ. ഇക്കാര്യവും പാർട്ടി പരിഗണിച്ചു'- സീതാറാം യെച്ചൂരി പറഞ്ഞു.
കേരളത്തിൽ നിപയും കൊവിഡും പൊട്ടിപ്പുറപ്പെട്ട സമയത്ത് ആരോഗ്യമന്ത്രിയായിരുന്ന ശൈലജയുടെ മികവാർന്ന പ്രവർത്തനമാണ് 64ാമത് മഗ്‌സസെ പുരസ്കാരത്തിന് അർഹയാക്കിയത്. ശൈലജയുടെ പ്രവർത്തനം അന്താരാഷ്ട്ര തലത്തിൽ കൈയ്യടി നേടിയിരുന്നു.
ജൂലായ് അവസാനത്തോടെ ശൈലജയെ മഗ്‌സസെ ഫൗണ്ടേഷൻ അവാർഡിനെക്കുറിച്ച് അറിയിച്ചിരുന്നു എന്നാണ് വിവരം. അവാർഡ് സ്വീകരിക്കുന്നതിനുള്ള സന്നദ്ധത രേഖാമൂലം അറിയിക്കണമെന്ന് ഇ മെയിലിലൂടെ ആവശ്യപ്പെടുകയും ചെയ്തു. അവാർഡ് സ്വീകരിക്കാനാകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിക്കുകയായിരുന്നു.
ഏഷ്യയുടെ നോബൽ പുരസ്കാരം എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്കാരത്തിന് പരിഗണിക്കുന്ന ആദ്യ മലയാളിയാണ് കെ.കെ ശൈലജ. 1957ൽ റോക്ക് ഫെല്ലർ ബ്രദേഴ്‌സ് ഫണ്ട് ഗ്രാന്റാണ് പുരസ്കാരത്തിന് തുടക്കമിട്ടത്. സമൂഹത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവർക്കാണ് മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് രമൺ മാഗ്‌സസെയുടെ പേരിലുള്ള ഈ പുരസ്കാരം.