
ചെന്നൈ: തമിഴ് ബ്രാഹ്മണ ആചാരപ്രകാരം തന്റെ കാമുകിയെ സ്വന്തമാക്കി തമിഴ് യുവതി. കാനഡയിൽ സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശി സുബിക്ഷ സുബ്രഹ്മണിയും (29) ബംഗ്ളാദേശിലെ യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിൽ ജനിച്ച് കാനഡയിൽ ജീവിക്കുന്ന ടിന ദാസും (35) കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിൽ മതാചാരപ്രകാരം വിവാഹിതരായത്.
ആറുവർഷം മുൻപ് ഒരു ആപ്പിലൂടെയാണ് ഇരുവരും കാനഡയിലെ കാൽഗറിയിൽവച്ച് പരിചയപ്പെടുന്നത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ, തങ്ങൾ സ്വപ്നം കണ്ടതുപോലുള്ള വിവാഹമാണ് നടന്നതെന്ന് സുബിക്ഷ പറയുന്നു. വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അനുഹ്രത്തോടെ ഒന്നിക്കാൻ സാധിച്ചതെന്നും സുബിക്ഷ വെളിപ്പെടുത്തി.

ലണ്ടനിൽ ചാർട്ടേർഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന സുബിക്ഷ ബൈസെക്ഷ്വൽ ആയാണ് സ്വയം അടയാളപ്പെടുത്തുന്നത്. 19ാം വയസിൽ തന്റെ വ്യക്തിത്വം സുബിക്ഷ മാതാപിതാക്കളോട് തുറന്നുപറഞ്ഞു. കാനഡയിൽ എത്തിയതിന് ശേഷമാണ് ക്വീർ കമ്മ്യൂണിറ്റിയെക്കുറിച്ച് അറിയുന്നതെന്ന് സുബിക്ഷയുടെ മാതാവ് പൂർണപുഷ്‌കല പറഞ്ഞു. കാൽഗറിയിൽ പ്ളേസ്കൂൾ നടത്തുകയാണവർ. മകളെയും തങ്ങളെയും ഇന്ത്യയിലെ ബന്ധുക്കൾ അകറ്റുമോയെന്നതാണ് മകളുടെ വ്യക്തിത്വത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞപ്പോൾ ചിന്തിച്ചതെന്ന് പൂർണപുഷ്‌കല വെളിപ്പെടുത്തി. മകളെ സമൂഹം അംഗീകരിക്കുമോയെന്ന് ഭയന്നു. മാതൃത്വം മകൾക്ക് ലഭ്യമാകുമോയെന്നും ആശങ്കപ്പെട്ടു. മകൾക്ക് തന്റെ കുടുംബം നൽകിയ പിന്തുണകാരണമാണ് വിവാഹം യാഥാർത്ഥ്യമാകാൻ സാധിച്ചതെന്നും പൂർണപുഷ്‌കല പറഞ്ഞു.
കാൽഗറിയിൽ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന ടിന ദാസ് ലെസ്ബിയൻ എന്ന നിലയിലാണ് സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തുന്നത്. നാല് വർഷം ഒരു പുരുഷനൊപ്പം വിവാഹിതയായി ജീവിച്ചുവെന്ന് ടിന വെളിപ്പെടുത്തുന്നു. ബംഗ്ളാദേശിലെ മൗൽവിബസാർ എന്ന ചെറിയ പട്ടണത്തിലാണ് ജനിച്ചുവളർന്നത്. 2003ലാണ് സഹോദരിയെ വിവാഹം കഴിച്ചയച്ച കാനഡയിലെ മോൺട്രീലിൽ എത്തുന്നത്. എൽജിബിടിക്യു എന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു. തന്റെ വ്യക്തിത്വത്തെക്കുറിച്ച് പറഞ്ഞപ്പോൾ അസുഖമാണെന്ന് കരുതി 19ാം വയസിൽ വിവാഹം ചെയ്യിച്ചെന്നും ടിന പറഞ്ഞു. കാനഡയിൽ വിവാഹം രജിസ്റ്റർ ചെയ്ത ഇരുവരും തെക്കുകിഴക്കൻ ഏഷ്യാ യാത്രയ്ക്കായുള്ള ഒരുക്കത്തിലാണിപ്പോൾ.