
ചെന്നൈ: തമിഴ് ചലച്ചിത്ര നിർമാതാവും വ്യവസായിയും ആയ ഭാസ്‌കരന്റെ (68) മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്ന ഗണേശനെയാണ് വിരുഗമ്പാക്കം പൊലീസ് അറസ്റ്റ് ചെയ്‌തത്.
ശനിയാഴ്ചയാണ് ചിന്മയ നഗറിലെ കനാലിന് സമീപം പ്ലാസ്റ്റിക് കവറിലാക്കി നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ മൃതദേഹം അടങ്ങിയ ബാഗ് കണ്ട നഗരസഭാ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. കെെകളും കെട്ടിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ഗണേശനെ കാണാനായി ഭാസ്‌കരന്‍ പോയിരുന്നു. വീട്ടിൽ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന ഭാസ്‌കരനെ ഗണേശന്‍ തലയ്ക്കടിച്ചു കൊന്നശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി നദിയില്‍ എറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും ഭാസ്‌കരന്റെ എ.ടി.എം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ച സമയത്തെ ദൃശ്യങ്ങളുമാണ് കേസിൽ നിർണായകമായത്.