
തിരുവനന്തപുരം: റിട്ട. നഴ്‌സിംഗ് സൂപ്രണ്ടിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസത്തിൽ വാടകയ്‌ക്ക് താമസിക്കുന്ന വിജയമ്മയെ (79) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വിജയമ്മയുടെ ശരീരത്തിലും മുഖത്തും അടിയേറ്റതിന്റെ പാടുകളുണ്ട്. കൊലപാതകമാണെന്ന സംശയം ഉണ്ട്. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടെന്നാണ് സൂചന.
ഈ വീട്ടിൽ വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏക മകനും മാത്രമായിരുന്നു താമസം. അമ്മ മരിച്ചുകിടക്കുന്നതായി മകനാണ് ബന്ധുക്കളെ വിളിച്ചറിയിച്ചത്. എന്നാൽ ഇയാൾ പരസ്‌പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വിജയമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. മകൻ വിവാഹിതനായിരുന്നെങ്കിലും ഭാര്യ പിണങ്ങിപ്പോയിരുന്നു. കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് 2017 ൽ മകൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അങ്ങനെയാണ് കാൽ മുറിച്ചുമാറ്റേണ്ടിവന്നത്.