മലയാളികൾക്ക് സുപരിചിതനായ ജി.ആർ ഇന്ദുഗോപൻ എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ഇപ്പോഴിതാ സിനിമാ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇന്ദുഗോപൻ. കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.
'തൊഴിൽകൊണ്ട് ഞാൻ ഒരു മാദ്ധ്യമപ്രവർത്തകനാണ്. എഴുത്തിലേയ്ക്ക് എത്തിച്ചത് പത്രപ്രവർത്തനമാണ്. 'നാലഞ്ച് ചെറുപ്പക്കാർ' എന്ന പുസ്‌തകം സിനിമയാകുന്നുണ്ട്. 'ന്നാ താൻ കേസ് കൊട്', 'മലയൻകുഞ്ഞ്' എന്നീ ചിത്രങ്ങളുടെ ആർട്ട് ഡയറക്‌ടറായ ജ്യോതിഷ് ശങ്കറാകും ചിത്രം ഒരുക്കുക. 'അമ്മിണിപ്പിള്ള വെട്ടുകേസ്' ആണ് ഈ ഓണത്തിന് 'ഒരു തെക്കൻ തല്ല് കേസാ'യി റിലീസിനൊരുങ്ങുന്നത്.

'അമ്മിണിപ്പിള്ള വെട്ടുകേസ്' സിനിമയാക്കാൻ തരണമെന്ന് ആവശ്യപ്പെട്ട് സച്ചി വിളിച്ചിരുന്നു. പക്ഷേ ഞാൻ ആ കഥ തിരക്കഥയാക്കാൻ എന്റെ സുഹൃത്തായ രാജേഷിന് നൽകിയിരുന്നു. സച്ചിയുമായുള്ള സൗഹൃദം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. വളരെ ഗാഢമായി വായിക്കുന്നയാളാണ് സച്ചി. രാജേഷാണ് 'വിലായത്ത് ബുദ്ധ' സച്ചിയിൽ എത്തിക്കുന്നത്. സച്ചി സിനിമയാക്കാൻ ഉറച്ച് മുന്നോട്ട് പോവുകയായിരുന്നു. 'ചെങ്ങന്നൂർ ഗൂഢസംഘം' സിനിമയാകും. വലിയ ക്യാൻവാസിലാകും ചിത്രം ഒരുങ്ങുക'- ഇന്ദുഗോപൻ പറഞ്ഞു.