
കലാലയ പഠനം ഉപേക്ഷിച്ച് സ്വന്തമായി ഡയമണ്ട് ബിസിനസ് തുടങ്ങിയ അദാനിയുടെ വളർച്ച ഇപ്പോൾ എത്തി നിൽക്കുന്നത് ലോകത്തെ മൂന്നാമത്തെ ധനികൻ എന്ന സ്ഥാനത്താണ്. ഒരു സാധാരണക്കാരനിൽ നിന്ന് 137 ബില്യൺ ഡോളർ ആസ്തിയുള്ള ബിസിനസുകാരനായി മാറാൻ അദാനിക്ക് സാധിച്ചത് വ്യത്യസ്തവും ആകർഷകവുമായ മേഖലകൾ തിരഞ്ഞെടുത്ത് നിക്ഷേപം നടത്തിയാണ്. ഗൗതം അദാനിയുടെ ബിസിനസ് യാത്രയിൽ സ്വന്തമാക്കിയ പ്രധാന ആസ്തികളും സ്വത്തുക്കളെയും കുറിച്ച് അറിയാം.
ആഡംബര സൗധം ഡൽഹിയിലും ഗുജറാത്തിലും 
ഡൽഹിയിൽ 3.4 ഏക്കർ സ്ഥലത്ത് ഗൗതം അദാനി സ്വന്തമാക്കിയ 400 കോടിയുടെ ആഡംബര സൗധമാണ് അദ്ദേഹത്തിന്റെ സ്വത്തിൽ ഏറെ ആകർഷകമായിട്ടുള്ളത്. 2020ലാണ് ഈ സ്വത്ത് സ്വന്തമാക്കിയത്. അദാനിക്ക് അഹമ്മദാബാദിലും സ്വന്തമായി ഒരു വീടുണ്ട്. അഹമ്മദാബാദിലെ ഒരു പോഷ് കോളനിയിലാണിത്. അദാനി കൂടുതൽ സമയം ചെലവഴിക്കുന്നതും ഇവിടെയാണ്. വലിയ മരങ്ങൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന ഈ ആഢംബര സൗധത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്വകാര്യത ഏറെ ഇഷ്ടപ്പെടുന്ന അദാനി പുറത്ത് വിട്ടിട്ടില്ല. ഗൗതം അദാനി തന്റെ ഭാര്യ പ്രീതി അദാനി, മകൻ കരൺ, ജീത് അദാനി, മരുമകൾ എന്നിവർക്കൊപ്പമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
ജെറ്റുകളും ഹെലികോപ്ടറുകളും
അദാനിയുടെ ശേഖരത്തിൽ ആഡംബര സ്വകാര്യ വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടേയും ഒരു പട്ടിക തന്നെയുണ്ട്. ബൊംബാർഡിയർ, ബീച്ച്ക്രാഫ്റ്റ്, ഹോക്കർ എന്നിവ ഉൾപ്പെടുന്ന തന്റെ സ്വകാര്യ വിമാനങ്ങളിലാണ് അദാനി സഞ്ചരിക്കുന്നത്. നൂറ് യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനം മുതൽ എട്ട് യാത്രക്കാർക്ക് വേണ്ടിയുള്ള ചെറുവിമാനങ്ങൾ വരെ അദ്ദേഹത്തിന് സ്വന്തമായുണ്ട്. മൂന്ന് ആഡംബര ജെറ്റ് വിമാനങ്ങൾ കൂടാതെ അദാനി എന്റർപ്രൈസ് ഉടമയ്ക്ക് ചെറിയ യാത്രകൾക്കായി മൂന്ന് ഹെലികോപ്ടറുകളുമുണ്ട്. അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിയുടെ ഹെലികോപ്ടറിലാണ് സാധാരണ അദ്ദേഹം സഞ്ചരിക്കുന്നത്. ഇരട്ട എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഈ ഹെലികോപ്ടറിന് 15 പേരെ ഉൾക്കൊള്ളാനാകും. മണിക്കൂറിൽ 310 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും കഴിയും. അതേസമയം അദാനിയുടെ കൈവശമുള്ള മറ്റു രണ്ട് ഹെലികോപ്ടറുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ആഡംബര കാറുകൾ
അദാനിയുടെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് കാറുകളുടെ പട്ടികയും ആരുടേയും കണ്ണുതള്ളിക്കുന്നതാണ്. 3.5 കോടി രൂപ വിലമതിക്കുന്ന ഫെരാരിയും ഒരു ആഡംബര ബിഎംഡബ്ല്യു 7 കാറുകളാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത്.
കപ്പലുകൾ
രാജ്യത്ത് നിരവധി തുറമുഖങ്ങൾ സ്വന്തമാക്കിയിട്ടുള്ള അദാനി എന്റർപ്രൈസിന് ഏകദേശം 17 കപ്പലുകൾ സ്വന്തമായുണ്ട്. ഇന്ത്യയിലെ പ്രധാന കൽക്കരി ഇറക്കുമതിക്കാരിൽ ഒന്നാണ് അദാനി എന്റർപ്രൈസ്.
വിമാനത്താവളങ്ങൾ
രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങൾ ഇപ്പോൾ അദാനിക്ക് സ്വന്തമാണ്. ഇന്ത്യയിൽ ആകെ ഏഴ് വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശമാണ് പാട്ടവ്യവസ്ഥയിൽ അദാനി സ്വന്തമാക്കിയത്. മുംബയ്, അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം പാട്ടവ്യവസ്ഥയിൽ അദാനി സ്വന്തമാക്കിയിട്ടുണ്ട്. 2019ലാണ് കമ്പനി എയർപോർട്ട് മേഖലയിൽ പ്രവേശിച്ചത്. എന്നാൽ 50 വർഷത്തേക്ക് ആറ് വിമാനത്താവളങ്ങളുടെയും പ്രവർത്തനാവകാശം അദാനി എന്റർപ്രൈസസിന് ലഭിക്കാൻ വെറും മൂന്ന് വർഷമേ എടുത്തുള്ളൂ. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പിന്റെയും വികസനത്തിന്റെയും ഉത്തരവാദിത്തം ഇപ്പോൾ അദാനിയുടെ കമ്പനിക്കാണ്.
തുറമുഖങ്ങൾ
ഇന്ത്യയിലുടനീളമുള്ള മൊത്തം 13 തുറമുഖങ്ങളാണ് അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്സിനുള്ളത്. അദാനി പോർട്ട് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇതിന്റെ ഉടസ്ഥാവകാശം പേറുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ പോർട്ട് ഓപ്പറേറ്റിംഗ് കമ്പനിയാണിത്. രാജ്യത്തിന്റെ തുറമുഖ ശേഷിയിൽ കമ്പനിക്ക് 23% ഓഹരിയുണ്ട്.
ഓസ്‌ട്രേലിയയിൽ ഖനി
രാജ്യത്തിന് പുറത്തും അദാനി കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. ഇതിൽ പ്രധാനമാണ് ഓസ്‌ട്രേലിയയിലെ കൽക്കരി ഖനി. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കൽക്കരി ഖനികളിലൊന്നായ കാർമൈക്കൽ ഖനിയാണ് അദാനിയുടെ ഉടമസ്ഥതയിലുള്ളത്. മുപ്പത് വർഷത്തേയ്ക്ക് വാർഷിക നിരക്കിൽ 10 ദശലക്ഷം ടൺ കൽക്കരി ഖനിയിൽ നിന്നും ഇറക്കുമതി ചെയ്യാൻ കഴിയും. കഴിഞ്ഞ വർഷം മുതലാണ് ഈ ഖനിയിൽ നിന്ന് ഉയർന്ന നിലവാരമുള്ള കൽക്കരി അദാനി കയറ്റുമതി ചെയ്ത് തുടങ്ങിയത്.
ഗ്രീൻ എനർജി
ഫോസിൽ ഇന്ധനങ്ങളിൽ മാത്രം ഒതുങ്ങാതെ നാളെയുടെ ആവശ്യമായ ഗ്രീൻ എനർജിയിലും വളരെ നേരത്തേ അദാനി കണ്ണുവച്ചിട്ടുണ്ട്. വ്യത്യസ്തമായ സംരംഭങ്ങളിലൂടെ പുനരുപയോഗ ഊർജത്തിന്റെ മുൻനിര നിർമ്മാതാവാകാനാണ് അദാനി ലക്ഷ്യമിടുന്നത്. നിലവിൽ, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ്ജമേഖലയിലെ കമ്പനികളിലൊന്നാണ്. ഇന്ത്യയിലുടനീളമുള്ള സോളാർ, വിൻഡ് ഫാം പദ്ധതികളിൽ കമ്പനി വൻതോതിൽ നിക്ഷേപം നടത്തുന്നു.