മലയാളികൾ കാത്തിരുന്ന ഓണമിങ്ങെത്തി. അത്തപ്പൂക്കളവും ഓണപ്പാട്ടും ഓണക്കളികളും മറ്റുമായി നാടൊരുങ്ങിക്കഴിഞ്ഞു. ഓണത്തിന് ഒഴിവാക്കാനാകാത്ത ഒന്നാണ് ഓണസദ്യ. പുത്തനരി ചോറും, സാമ്പാറും, അവിയലും, ഓലനും കാളനും മൂന്നുകൂട്ടം പായസവും ഒക്കെയുള്ള ഓണസദ്യകൂടി ഉണ്ടെങ്കിലേ ഓണാഘോഷം പൂർണമാവുകയുള്ളൂ. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരു ഓണവിഭവമാണ് ഇത്തവണ സോൾട്ട് ആന്റ് പെപ്പറിൽ പരിചയപ്പെടുത്തുന്നത്. ഓണസദ്യയ്ക്കൊപ്പം രുചിക്കാം അടിപൊളി ചിരട്ട കറി.

തയ്യാറാക്കുന്ന വിധം
കഷ്ണങ്ങളാക്കിയ ചിരട്ട പുളി വെള്ളം, ഉപ്പ് എന്നിവ ചേർത്ത് അടച്ചുവച്ച് വേവിക്കണം. ചീനച്ചട്ടിയിൽ ജീരകം, വെളുത്തുള്ളി, തക്കോലം, കറുവപ്പട്ട, ഏലയ്ക്ക എന്നിവ ചൂടാക്കിയെടുക്കണം. ശേഷം വെളുത്തുള്ളി മാറ്റി ബാക്കിയുള്ളവ നന്നായി പൊടിച്ചെടുക്കണം. ഇത് നന്നായി പൊടിഞ്ഞുവരുമ്പോൾ വെളുത്തുള്ളി ചേർത്ത് ചതച്ചെടുക്കാം. പിന്നാലെ ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് സവാള അരിഞ്ഞത്, പച്ചമുളക് കീറിയത്, വെളുത്തുള്ളി എന്നിവ ഉപ്പ് ചേർത്ത് വഴറ്റിയെടുക്കണം. ഇതിലേയ്ക്ക് ഒരു സ്പൂൺ മുളകുപൊടി, ഒരു സ്പൂൺ ഇറച്ചിമസാല പൊടി, പൊടിച്ചുവച്ചിരിക്കുന്ന മസാലകൂട്ടുകൾ എന്നിവ ചേർത്തിളക്കണം. ഇതിലേയ്ക്ക് തേങ്ങാപ്പാൽ ചേർത്തുകൊടുക്കണം. ശേഷം വേവിച്ചുവച്ചിരിക്കുന്ന ചിരട്ടകൾ ചേർക്കാം. മൂന്ന് പച്ചമുളക് കീറി കറിയിൽ ഇട്ടുകൊടുക്കാം. ഇതിലേയ്ക്ക് തോടുകളഞ്ഞ ചെമ്മീൻ ചേർക്കണം. ഉപ്പുകൂടി ചേർത്ത് കുറച്ചുനേരം തീയിൽവച്ച് വേവിച്ചെടുത്താൽ ചിരട്ടക്കറി തയ്യാറായി.