കുമ്പളങ്ങി നെെറ്റ്സ്, ജോജി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് 'പാൽതു ജാൻവർ'. ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ജസ്റ്റിൻ വർഗീസാണ് സംഗീതം. ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് രൺദീവെയാണ്.
ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ബേസിൽ ജോസഫ്. കൗമുദി മൂവീസിനോടാണ് താരത്തിന്റെ പ്രതികരണം.
'എന്റെ മൂന്ന് സിനിമകളുടെയും പശ്ചാത്തലം വേറെയായിരുന്നു. ഒരു മുത്തശിക്കഥ പോലെ അവതരിപ്പിച്ചാൽ വിശ്വസനീയത വരും. അതിനായിട്ടാണ് കുറുക്കന്മൂല, ദേശം പോലുള്ള സാങ്കൽപിക ഗ്രാമങ്ങളിൽ കഥ അവതരിപ്പിച്ചത്. കുഞ്ഞിരാമായണം മുതൽക്കേ കുറുക്കൻമൂല എന്ന സ്ഥലം എന്റെ മനസിൽ ഉണ്ടായിരുന്നു. ശരിക്കും എന്റെ സ്ഥലത്ത് ഇങ്ങനെയൊരു ജംഗ്ഷൻ ഉണ്ടായിരുന്നു. മിന്നൽ മുരളി ഇറങ്ങുന്നതിന് മുൻപെ കുറുക്കൻമൂലയിൽ കടുവ ഇറങ്ങി സ്ഥലം പ്രശസ്‌തമായി. സിനിമ ഇറങ്ങിയ ശേഷം കടുവയെ കണ്ടിട്ടില്ല. സിനിമയുടെ പ്രമോഷന് വേണ്ടി നീ കടുവയെ ഇറക്കിയതല്ലേ എന്ന് നാട്ടുകാർ ചോദിച്ചു. കുഞ്ഞിരാമായണത്തിൽ 'കുട്ടേട്ടൻ ഈ കടയുടെ ഐശ്വര്യം' എന്ന് ധ്യാൻ എഴുതുന്ന സീൻ ഉണ്ട്. നീരജ് പറഞ്ഞിട്ട് 'കട്ടേട്ടൻ ഈ കുടയുടെ ഐശ്വര്യം' എന്നാക്കി. ആളുകളെ ചിരിപ്പിച്ച സീൻ ആയിരുന്നു അത്'- ബേസിൽ പറഞ്ഞു.
