സംവിധാന അരങ്ങേറ്റം നടത്തി സി സി

mm

ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സി സി സംവിധാനം ചെയ്യുന്ന കൊറോണ ജവാൻ സിൻസ് 2019 ചാലക്കുടിയിൽ ചിത്രീകരണം ആരംഭിച്ചു. ജോണി ആന്റണി, ഇർഷാദ്, ശരത് സബ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈശാഖ്, ഷാജി പാടൂർ എന്നിവരുടെ ശിഷ്യനായി പ്രവർത്തിച്ച നിതിൻ സി.സി ആണ് സി സി എന്ന പേരിൽ കൊറോണ ജവാൻ സംവിധാനം ചെയ്യുന്നത്. രസകരമായ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ജെ ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സുജയ് മോഹൻ രാജ് രചന നിർവഹിക്കുന്നു. ജനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം. സംഗീതം റിജോ ജോസ്. പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ. അതേസമയം തല്ലുമാല എന്ന ചിത്രത്തിന്റെ വൻ വിജയം ലുക്മാന്റെ താരമൂല്യം ഉയർത്തി. ടൊവിനോ തോമസ് അവതരിപ്പിച്ച വസിം എന്ന കഥാപാത്രത്തിനൊപ്പം നിറഞ്ഞുനിൽക്കുന്ന പ്രകടനമായിരുന്നു ലുക്മാന്റെ ജിംഷി . ഒാപ്പറേഷൻ ജാവ, ഉണ്ട, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയ ലുക്മാന് സൗദി വെള്ളക്ക ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ചട്ടമ്പി, ഖജുരാഹോ ഡ്രീംസ്, പടച്ചോനെ ഇങ്ങള് കാത്തോളീ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ശ്രീനാഥ് ഭാസി ചിത്രങ്ങൾ. മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം ആണ് ശ്രീനാഥ് ഭാസിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ.