'ആത്മഹത്യ ചെയ്യാത്തത് മക്കൾക്ക് അതൊരു നാണക്കേടാകണ്ടെന്നു വിചാരിച്ചിട്ടാണ്' എന്നു പറഞ്ഞ ഒരു എൺപതുകാരന്റെ മുഖം എങ്ങനെ മറക്കാൻ!

എഴുപത് വയസുകാരിയായ പങ്കജാക്ഷിയ്ക്ക് രക്തസമ്മർദ്ദം ഇരുന്നൂറിൽ നിന്ന് താഴുന്നേയില്ല. എന്താണ് മരുന്ന് കൃത്യമായി കഴിക്കാത്തതെന്ന് ചോദിച്ചപ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭർത്താവ് മരിച്ചതോടെ മകളും മരുമകനും ചേർന്ന് അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഇപ്പോൾ ചെറിയൊരു വാടകവീട്ടിൽ തനിച്ച് താമസിക്കുകയാണ്. വാർദ്ധക്യപെൻഷൻ വാടകകൊടുക്കാനേ തികയുന്നുള്ളൂ. അതുകൊണ്ട് വിശ്രമിക്കേണ്ട കാലത്തും അദ്ധ്വാനിച്ച് അന്നന്നുള്ള അന്നത്തിന് വഴികണ്ടെത്തേണ്ടിയിരിക്കുന്നു. ആരുമില്ലല്ലോ എന്ന വേദനയും മാനസിക സമ്മർദ്ദവുമാണ് ഈ അമ്മയെ കൂടുതൽ തളർത്തുന്നത്. അതുതന്നെയാണ് അവരുടെ രോഗകാരണവും.
അറുപത്തിയേഴുകാരിയായ റീത്താമ്മയുടെ അനുഭവവും സങ്കടകരമാണ്. സർജറി ചെയ്ത് നീക്കേണ്ട സ്തനാർബുദം ചികിത്സിക്കാതെ മൂടിവച്ച് നോവ് തിന്നുകയാണ് ഈ അമ്മ. മകൻ എച്ച്.ഐ.വി ബാധിതനായി മരിച്ചതോടെ ബന്ധുക്കളാരുമില്ലാതെ തനിച്ച് താമസിക്കുന്നു. അമ്മയോടൊപ്പം മെഡിക്കൽ കോളേജിൽ സർജറിക്ക് കൂട്ടുപോകാൻ നഴ്സായ മകൾ തയ്യാറല്ല.
ഒന്നും രണ്ടുമല്ല, ഇത്തരം നൂറുനൂറ് അനുഭവങ്ങളാണ് ജോലിയുടെ ഭാഗമായി മുന്നിൽ വരുന്നത്. ഒരുപക്ഷേ ആശുപത്രിയിൽ വരുമ്പോൾ, ഡോക്ടറുടെ മുന്നിലെത്തുമ്പോൾ, മാത്രമാവാം അതീവരഹസ്യമായി പലരും ഉള്ളുതുറക്കുന്നത്. 'രോഗം ശരീരത്തിനല്ല, മനസ്സിനാണ്; രോഗാതുരമായ ഈ സമൂഹത്തിലെ ജീവിതമാണ് എന്നെ രോഗിയാക്കിയത്." എന്ന് അവർ വിലപിക്കുന്നതായി തോന്നാറുണ്ട്.
അടുക്കളപ്പണിയെടുക്കാൻ വയ്യാതാകുന്നതോടെ ഭക്ഷണം പോലും കൊടുക്കാതെ ഒറ്റപ്പെടുത്തുന്ന മരുമക്കളുണ്ട്. പെൺമക്കളെ കല്യാണം കഴിച്ച് അയക്കുന്നതോടെ അവൾ മറ്റൊരിടത്തെ വീട്ടുകാരിയാകുന്നു. അച്ഛനമ്മമാരെ സഹായിക്കാൻ ആഗ്രഹമുണ്ടായിട്ടും ഭർത്താവിന്റെ വീട്ടുകാർ അനുവദിക്കാത്തതുകൊണ്ട് നിസ്സഹായരായിപ്പോകുന്ന പെൺമക്കളും ധാരാളമുണ്ട്. 'ആത്മഹത്യ ചെയ്യാത്തത് മക്കൾക്ക് അതൊരു നാണക്കേടാകണ്ടെന്നു വിചാരിച്ചിട്ടാണ്" എന്നു പറഞ്ഞ ഒരു എൺപതുകാരന്റെ മുഖം എങ്ങനെ മറക്കാൻ!
മൂല്യസങ്കല്പങ്ങൾ മാറിമറിഞ്ഞതോടെ ആർക്കുംവേണ്ടാതായ ഒരു വിഭാഗമാണ് വൃദ്ധർ. പ്രായമായവർക്ക് അനുകൂലമായ നിയമങ്ങൾ ഇന്ന് നിലവിലുണ്ട്. എന്നാൽ അതേക്കുറിച്ച് അവബോധമുള്ളവർ പോലും മക്കൾക്കെതിരെ സിവിൽ കോടതിയെ സമീപിച്ച് അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കാറില്ല. സാമൂഹിക സംഘടനകൾ പലതും കുടുംബങ്ങൾക്കുള്ളിലെ അവസ്ഥ കണ്ടറിഞ്ഞ് ഇടപെടാൻ തയ്യാറല്ല അഥവാ അടിസ്ഥാന മാനവിക മൂല്യങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത കോർപ്പറേറ്റ് സ്ഥാപനങ്ങളായി അവ വളർന്നു കഴിഞ്ഞിരിക്കുന്നു. ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. അതേസമയം . അദ്ധ്വാനശേഷിയും വരുമാനവും ഇല്ലാതായവരും അവശരും ക്ഷീണിതരുമെല്ലാം ശ്രദ്ധ അർഹിക്കുന്നുണ്ട്.
പഞ്ചായത്ത് തലത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പകൽവീടുകളോ വാർദ്ധക്യക്ലബ്ബുകളോ ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. കൂട്ടിരിപ്പുകാർ ഇല്ലാത്തതുകൊണ്ട് ആശുപത്രിയിൽ പോകാൻ കഴിയാത്തവരുടെ ദുരിതാവസ്ഥയ്ക്കും പരിഹാരം കണ്ടെത്തണം. കുടുംബബന്ധങ്ങളും അയൽബന്ധങ്ങളും ശിഥിലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണന മുൻനിർത്തി, പുറന്തള്ളപ്പെടുന്നവരെക്കൂടി ഉൾക്കൊള്ളാൻ സമൂഹം സജ്ജമാകേണ്ടിയിരിക്കുന്നു.