mushfiqur

ധാക്ക: ഏഷ്യാ കപ്പിൽനിന്ന് പുറത്തായതിനുപിന്നാലെ ബംഗ്ലാദേശ് വിക്കറ്റ് കീപ്പറും മുൻ നായകനുമായ മുഷ്ഫിഖുർ റഹിം അന്താരാഷ്ട്ര ട്വന്റി 20യിൽ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റിലും കൂടുതൽ ശ്രദ്ധിക്കാനായാണ് ട്വന്റി 20യിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഏഷ്യാ കപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്നായി വെറും അഞ്ച് റൺസ് മാത്രമാണ് മുഷ്ഫിഖുറിന് നേടാനായത്.

അന്താരാഷ്ട്ര ട്വന്റി 20 മതിയാക്കിയെങ്കിലും ട്വന്റി 20 ലീഗ് മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്ന് മുഷ്ഫിഖുര്‍ വ്യക്തമാക്കി. ഈ വർഷം ട്വന്റി 20യിൽ നിന്ന് വിരമിക്കുന്ന രണ്ടാമത്തെ ബംഗ്ലാദേശ് താരമാണ് മുഷ്ഫിഖുർ. ഓപ്പണർ തമിം ഇഖ്ബാൽ ജൂലായിൽ ട്വന്റി 20യിൽ നിന്ന് വിരമിച്ചിരുന്നു. ബംഗ്ലാദേശിനുവേണ്ടി 102 ട്വന്റി -20 മത്സരങ്ങളിൽ കളിച്ച മുഷ്ഫിഖുർ 1500 റൺസ് നേടിയിട്ടുണ്ട്. 114.94 ശരാശരിയിൽ ആറ് അർദ്ധശതകങ്ങളും നേടി. 72 റൺസാണ് ഉയർന്ന സ്‌കോർ. 2006-ൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് മുഷ്ഫിഖുർ ട്വന്റി -20യിൽ അരങ്ങേറ്റം നടത്തിയത്.