ഞാൻ ഏറ്റവും ഇഷ്ടത്തോടെ കടന്നുവന്നതും ഇനി തുടരാൻ ആഗ്രഹിക്കുന്നതും സംവിധായകൻ എന്ന റോളിൽ തന്നെയാണ്. സംവിധാനം ചെയ്ത സിനിമകളുടെ, അല്ലെങ്കിൽ ചെയ്യാനിരിക്കുന്ന സിനിമകളുടെ എണ്ണം കുറവാണെങ്കിലും ചെയ്യുന്നതെല്ലാം നല്ലതാകണം എന്ന ആഗ്രഹമുണ്ട്.

സിനിമയിൽ പേരെടുത്ത ശ്രദ്ധേയനായ യുവ സംവിധായകനാണ് ബേസിൽ ജോസഫ്. സംവിധാനത്തിൽ മാത്രമല്ല, അഭിനയത്തിലും ബേസിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബേസിലിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം 'മിന്നൽ മുരളി"യാണ്. 'ജാൻ ഇ മാൻ", 'ഉല്ലാസം", 'ജോജി" , എന്നാൽ താൻ കേസ് കൊട് തുടങ്ങി നിരവധി സിനിമകളിലും ബേസിൽ അഭിനയിച്ചിരുന്നു. 'തിര" എന്ന സിനിമയുടെ സഹസംവിധായകനായി വന്ന് 'കുഞ്ഞിരാമായണ"ത്തിലൂടെ ശ്രദ്ധേയനാകുകയും 'ഗോദ"യിലൂടെ മുഖ്യസംവിധായകരുടെ നിരയിലേക്ക് ഉയരുകയും ചെയ്ത വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ബേസിൽ ജോസഫ് കേരള കൗമുദിയോട് തന്റെ വിശേഷങ്ങൾ പങ്കുവച്ചു.
സിനിമയിലേക്ക്?
സിനിമ സംവിധാനം ചെയ്യണം എന്നത് എന്റെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമാണ്. ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ജോലി കിട്ടി ജീവിതം സെറ്റിൽ ആയതിനുശേഷമാണ് അതുമായി മുന്നോട്ട് പോവാൻ ശ്രമിച്ചത്. അപ്പോഴും സിനിമയിൽ എത്തും എന്ന് കരുതിയിരുന്നില്ല. 'പ്രിയംവദ കാതരയാണ് " എന്ന ഷോർട്ട് ഫിലിമാണ് സത്യത്തിൽ ഒരു സിനിമ ചെയ്യാൻ പറ്റും എന്ന ഒരു ആത്മവിശ്വാസം എനിക്കു തന്നത്.ഞാൻ ജനിച്ചു വളർന്നത് ഒരു പരമ്പരാഗത ക്രിസ്ത്യൻ കുടുംബത്തിലാണ്. അച്ഛൻ പുരോഹിതനായതുകൊണ്ട് അന്നൊക്കെ ഒരുപാട് സിനിമകൾ ഒന്നും തീയറ്ററുകളിൽ പോയി കാണാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും 'ടൈറ്റാനിക്ക്", 'മൈ ഡിയർ കുട്ടിച്ചാത്തൻ", 'കാബൂളിവാല",'ഹരികൃഷ്ണൻസ്" പോലെയുള്ള സിനിമകൾ കണ്ട ഓർമ്മയുണ്ട്. ടി.വിയിൽ വരുന്ന സിനിമകൾ കണ്ടിരുന്നു . ഇടയ്ക്ക് കാസറ്റും, ഡി.വി.ഡിയും എടുത്ത് സിനിമകൾ കാണും എന്നതിനപ്പുറം സിനിമയെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയില്ലായിരുന്നു. സിനിമയെപ്പറ്റി കൂടുതൽ അറിയാനോ അതേപ്പറ്റി സംസാരിക്കാനോ ഉള്ള ഒരു സാഹചര്യവുമുണ്ടായിരുന്നില്ല . തിരുവനന്തപുരത്ത് 'സി.ഇ.ടി യിൽ പഠിക്കുന്ന സമയത്തും അവിടെനിന്ന് നിന്ന് ഇറങ്ങിയതിനു ശേഷവുമാണ് സിനിമയെപ്പറ്റി കൂടുതൽ പഠിക്കാനും അറിയാനുമായി കൂടുതൽ സമയം കണ്ടെത്തുന്നത്. ഇപ്പോഴും നല്ല സിനിമകൾ കാണാനും ആസ്വദിക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. രണ്ട് വർഷം ജോലി ചെയ്തശേഷം ഇൻഫോസിസിൽ നിന്നും രാജിവയ്ക്കുകയായിരുന്നു.
'ജോജി"യിലൂടെയാണ് നടൻ എന്ന നിലയിൽ ഒരു കരിയർ ബ്രേക്ക് കിട്ടുന്നത്?
തീർച്ചയായും. ഒരു നടൻ എന്ന നിലയിൽ എന്റെ കരിയറിൽ ഏറ്റവും വലിയ ബ്രേക്ക് തന്ന ചിത്രമാണ്  'ജോജി". കോമഡി വേഷങ്ങൾ കൂടുതലായി ഒരു ക്ലീഷേ പോലെ വന്നുകൊണ്ടിരുന്നപ്പോഴാണ് ജോജി ചെയ്യുന്നത്. സത്യത്തിൽ ആ ക്യാരക്ടർ വേഷം എനിക്ക് ഒരുപാട് ഗുണം ചെയ്തു. സ്ഥിരം ചെയ്തിരുന്ന റോളുകളിൽ നിന്നുള്ള ഒരു നല്ല മാറ്റമായിരുന്നു അത് എന്നു പറയാം. അതിനുശേഷമാണ് സിനിമയിൽ അല്പം കൂടി നല്ല വേഷങ്ങൾ, നല്ല ക്യാരക്ടർ റോളുകൾ ഒക്കെ കിട്ടിത്തുടങ്ങിയത്. ജോജിയിലെ 'പള്ളീലച്ചൻ" ക്യാരക്ടർ വേഷം എന്നെ വിശ്വസിച്ച് ഏൽപിച്ചത് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ചേർന്ന ഭാവന സ്റ്റുഡിയോസാണ്.
മലയാളി പ്രേക്ഷകരിലേക്ക് ഒരു സൂപ്പർ ഹീറോയെ എത്തിക്കുക എന്നത് റിസ്കായിരുന്നില്ലേ?
ആ റിസ്ക് തന്നെയാണ് എന്നെ കൂടുതൽ എക്സൈറ്റ് ചെയ്യിപ്പിച്ചത് എന്ന് പറയാം. ഒപ്പം ഒരു നല്ല ടീം വർക്കിന്റെ കൂടെ ഭാഗമായിട്ടാണ് 'മിന്നൽ മുരളി" പോലെയുള്ള സിനിമകൾ സംഭവിച്ചതും. അങ്ങനെയുള്ള സിനിമകൾ എപ്പോഴും സംഭവിക്കണമെന്നുമില്ല. മുമ്പ് നമ്മുടെ സിനിമയിൽ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അത് എപ്പോഴും വലിയ റിസ്ക്  തന്നെയാണ്. നമുക്ക് മുന്നേ നടന്നുപോയവരും ഇത്തരം നല്ല പരീക്ഷണങ്ങൾ തീർച്ചയായും നടത്തിയിട്ടുണ്ടല്ലോ. അവരൊക്കെ ഇത്തരം പരീക്ഷണങ്ങൾക്കായി നല്ല പരിശ്രമം എടുത്തിട്ടുണ്ടാവും.'മൈഡിയർ കുട്ടിച്ചാത്തൻ" പോലെയുള്ള സിനിമാ പരീക്ഷണങ്ങളാണ് 'മിന്നൽ മുരളി"പോലെ ഒരു സിനിമ ചെയ്യാനുള്ള എന്റെ ഇൻസ്പിരേഷൻ എന്ന് പറയാം.
'പാൽതു ജാൻവറിലെ"നായക കഥാപാത്രം?
'ഭാവന സ്റ്റുഡിയോസിന്റെ" വലിയൊരു ആരാധകനാണ് ഞാൻ. അവർ വിളിച്ചപ്പോൾ സത്യത്തിൽ കഥ പോലും കേൾക്കാതെയാണ് ഞാൻ ആ സിനിമ ചെയ്യാം എന്ന് സമ്മതിക്കുന്നത്. എന്നിലെ നടനെ സംബന്ധിച്ചിടത്തോളം ഒരുപാട് നല്ല അനുഭവങ്ങളും, കരിയറിൽ ഒരു നല്ല ബ്രേക്കും തന്നവർക്കൊപ്പം ഒരിക്കൽ കൂടി വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.
ഇരുപത്തി നാല് സിനിമയിൽ അഭിനയിച്ചപ്പോൾ മൂന്ന് സിനിമകൾ മാത്രമാണ് സംവിധാനം ചെയ്തത് ?
ഞാൻ ഏറ്റവും ഇഷ്ടത്തോടെ കടന്നുവന്നതും ഇനി തുടരാൻ ആഗ്രഹിക്കുന്നതും സംവിധായകൻ എന്ന റോളിൽ തന്നെയാണ്. സംവിധാനം ചെയ്ത സിനിമകളുടെ, അല്ലെങ്കിൽ ചെയ്യാനിരിക്കുന്ന സിനിമകളുടെ എണ്ണം കുറവാണെങ്കിലും ചെയ്യുന്നതെല്ലാം നല്ലതായിരിക്കണം എന്ന ആഗ്രഹമുണ്ട്. ഒരു നടൻ എന്ന നിലയിൽ സിനിമയിൽ ചെയ്യാൻ കിട്ടുന്ന നല്ല അവസരങ്ങൾ വരുന്നിടത്തോളം കാലം നല്ല നല്ല ചിത്രങ്ങൾ ചെയ്യണമെന്നും ആഗ്രഹമുണ്ട്. കാരണം അഭിനയമാണ് കൂടുതൽ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നത്. അതുകൊണ്ടാണ് അഭിനയിച്ച സിനിമകളുടെ എണ്ണം കൂടുന്നതും. 30 മുതൽ 35 ദിവസം വരെയുള്ള കമ്മിറ്റ്മെന്റ് ആണ് അഭിനേതാവ് എന്ന നിലയിൽ ഒരു സിനിമ ചെയ്യാൻ എടുക്കുന്നത്. എന്നാൽ സംവിധായകൻ ആകുമ്പോൾ ഒന്നോ രണ്ടോ വർഷമാണ് ഒരു സിനിമയ്ക്കായി മാറ്റി വയ്ക്കേണ്ടി വരുന്നത്. കാരണം നമ്മൾ കാസ്റ്റ് ചെയ്യുന്ന അഭിനേതാക്കളുടെ ഡേറ്റ് ഉൾപ്പെടെയുള്ളവ കിട്ടുന്നതിനായി ചിലപ്പോൾ കാത്തിരിക്കേണ്ടി വരാറുണ്ട്.
അതിനുള്ള എല്ലാ നല്ല സാഹചര്യങ്ങളും ഒത്തു വരുമ്പോൾ മാത്രമാണ് ഒരു സിനിമ ചെയ്യാൻ കഴിയുന്നത്. എങ്കിലും സംവിധാനം ചെയ്യുക, എന്നത് തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പാഷനും ഇഷ്ടവും. അതിൽ കുറച്ചുകൂടി കോൺഫിഡൻസും ഇപ്പോൾ ഉണ്ട്. സിനിമയ്ക്കായി ഒരു വിഷയം തിരഞ്ഞെടുക്കുമ്പോൾ ആ വിഷയത്തിൽ നന്നായി വർക്ക് ചെയ്യാനും അതിൽ കൂടുതൽ എഫർട്ട് ഇടാനും ഞാൻ ആഗ്രഹിക്കുന്നു. അതായത് നല്ലപോലെ സമയം എടുത്ത്, അതിൽ നല്ലപോലെ വർക്ക് ചെയ്ത് നല്ല കുറച്ച് സിനിമകൾ സംവിധാനം ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നതും.
'മിന്നൽ മുരളി" ഒന്നാം ഭാഗം നല്ലൊരു വിജയം ആയിരുന്നു. രണ്ടാം ഭാഗത്തെപ്പറ്റി ?
'മിന്നൽ മുരളി" രണ്ടാം ഭാഗം ഉടൻ ചെയ്യണം എന്നാഗ്രഹിക്കുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഇനി തുടങ്ങണം. കാരണം രണ്ടാം ഭാഗം ചെയ്യുമ്പോൾ കൃത്യമായി, നന്നായിത്തന്നെ ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമ ചെയ്യാനായി മാത്രം എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നതേയില്ല. അങ്ങനെ ചെയ്തിട്ടു കാര്യവുമില്ല.
പുതിയ ചിത്രങ്ങൾ?
'ജയ ജയ ജയ ജയ ഹേ" ഒക്ടോബറിൽ റിലീസിന്  ഒരുങ്ങുന്നു. ദർശന രാജേന്ദ്രനൊപ്പമുള്ള സിനിമയാണത്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു കോമഡി ചിത്രമാണ്.'ആനന്ദം"എന്ന ചിത്രത്തിന്റെ സംവിധായകൻ ഗണേശ് രാജ് ഒരുക്കുന്ന‘പൂക്കാലം" എന്ന ഒരു സിനിമയും ഷൂട്ടിംഗ് കഴിഞ്ഞ് റീലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ടൊവിനോയുടെ കൂടെ അഭിനയിക്കുന്ന 'അജയന്റെ രണ്ടാം മോഷണം" മറ്റൊരു ചിത്രം. അങ്ങനെ കുറച്ച് നല്ല സിനിമകളുടെ ഭാഗമാകുന്നു.