us-open

ന്യൂയോർക്ക്: വനിതാ വിഭാഗത്തിലെ ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക്കും പുരുഷ വിഭാഗത്തിലെ സൂപ്പർതാരം റാഫേൽ നദാലും യു.എസ് ഓപ്പൺ ടെന്നിസിന്റെ പ്രീ ക്വാർട്ടറിലെത്തി.

23-ാം ഗ്രാൻസ്ലാം ലക്ഷ്യമിടുന്ന നദാൽ മൂന്നാം റൗണ്ടിൽ ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്‌ക്വെയെയാണ് മറികടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാലിന്റെ വിജയം.സ്‌കോർ: 6-0, 6-1, 7-5. ഗാസ്‌ക്വെയ്‌ക്കെതിരേ മികച്ച പ്രകടനമാണ് നദാൽ പുറത്തെടുത്തത്. 18-ാം തവണയാണ് നദാൽ യു.എസ്.ഓപ്പണിന്റെ പ്രീ ക്വാർട്ടറിലെത്തുന്നത്. നാല് തവണ താരം കിരീടം നേടുകയും ചെയ്തിട്ടുണ്ട്. ഗാസ്‌ക്വെയ്‌ക്കെതിരേ നദാൽ നേടുന്ന 18-ാം വിജയവുമാണിത്. പ്രീ ക്വാർട്ടറിൽ 22-ാം സീഡ് ഫ്രാൻസിസ് ടിയാഫോയാണ് നദാലിന്റെ എതിരാളി.

പുരുഷ വിഭാഗത്തിലെ മറ്റ് സിംഗിൾസ് മത്സരങ്ങളിൽ മരിയൻ സിലിച്ച് ഡാൻ ഇവാൻസിനെ കീഴടക്കിയപ്പോൾ ഇല്യ ഇവാൻഷ്‌ക ഇറ്റലിയുടെ 26-ാം സീഡ് ലോറൻസോ മ്യൂസെട്ടിയെ അട്ടിമറിച്ചു.

വനിതാസിംഗിൾസിൽ ഇഗ മൂന്നാം റൗണ്ടിൽ അമേരിക്കയുടെ സീഡില്ലാതാരം ലോറൻ ഡേവിസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് മറികടന്നത്. സ്‌കോർ: 6-3, 6-4. രണ്ടാം സെറ്റിൽ 1-4 ന് പിന്നിൽ നിന്ന ശേഷമാണ് ഇഗ തിരിച്ചടിച്ച് സെറ്റും മത്സരവും സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ കരോളിന പ്ലിസ്‌കോവ ബെലിൻഡ ബെൻസിച്ചിനെ മറികടന്ന് പ്രീക്വാർട്ടറിലെത്തിയിട്ടുണ്ട്. സ്‌കോർ: 5-7, 6-4, 6-3.