rahul

ന്യൂഡൽഹി: രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം ബിജെപി സർക്കാർ വന്നതോടെ വർദ്ധിച്ചതായി കുറ്റപ്പെടുത്തലുമായി രാഹുൽ ഗാന്ധി. ഡൽഹി രാംലീല മൈതാനത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച ഹല്ലാ ബോൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിവ കാരണം ഭാവിയെക്കുറിച്ച് ജനം ഭയക്കുന്നതായും ഇത് അവരെ വിദ്വേഷത്തിന്റെ രാഷ്‌ട്രീയത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതായും രാഹുൽ പറഞ്ഞു.

രാജ്യത്ത് രണ്ട് ബിസിനസുകാർക്ക് മാത്രമാണ് ഗുണമുള‌ളതെന്നും എയർപോർട്ട്, റോഡുകൾ, തുറമുഖങ്ങൾ ഇവയെല്ലാം ഇവർ പങ്കിട്ടെടുത്തെന്നും രാഹുൽ ആരോപിച്ചു. 'രണ്ടുപേർക്ക് മാത്രം ഗുണം ലഭിക്കുന്നതാണ് പ്രധാനമന്ത്രിയുടെ നയം. എന്നാൽ നമ്മുടേത് എല്ലാവർക്കും ഗുണം കിട്ടാനുള‌ളതാണ്.' രാഹുൽ അഭിപ്രായപ്പെട്ടു. മോദി സർക്കാർ വിവിധ മേഖലകളിൽ സമ്മർദ്ദം ചെലുത്തുന്നതായും സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതാകുന്നതായും രാഹുൽ പറഞ്ഞു. വിവിധ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു,

കന്യാകുമാരി മുതൽ കാശ്‌മീർ വരെ സെപ്‌തംബർ ഏഴ് മുതൽ കോൺഗ്രസ് നടത്തുന്ന 'ഭാരത് ജോഡോ യാത്ര'യ്‌ക്ക് മുന്നോടിയായി കൂടിയ സമ്മേളനത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ രാഹുൽ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. ബിജെപിയും ആർഎസ്‌എസും രാജ്യത്ത് വിഭജനമുണ്ടാക്കുകയും ഭീതി സൃഷ്‌ടിക്കുകയുമാണെന്ന് രാഹുൽ ആരോപിച്ചു.