
മലപ്പുറം: യുക്രെയിനിൽ നിന്നും തിരിച്ചെത്തിയ കേരളത്തിലെ 2,738 മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം പെരുവഴിയിൽ. 889 പേർ ഒന്നാം വർഷക്കാരാണ്. 2021 നവംബർ 18ന് ശേഷം വിദേശ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ ചേർന്നവർക്ക് മറ്റിടങ്ങളിലേക്ക് പഠനം മാറ്റാൻ നാഷണൽ മെഡിക്കൽ കമ്മിഷന്റെ (എൻ.എം.സി) അനുമതിയില്ല. യുക്രെയിനിലെ ചില യൂണിവേഴ്സിറ്റികൾ മറ്റു രാജ്യങ്ങളിൽ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും കമ്മിഷനെ മറികടന്ന് അവിടെ പഠിച്ചാൽ എഫ്.എം.ജി.ഇ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ) എഴുതാനോ ഇന്ത്യയിൽ ജോലി ചെയ്യാനോ കഴിയില്ല. സെപ്തംബറിലെ ഓൺലൈൻ പഠനം പൂർത്തിയാക്കിയാലും ഇതാണ് അവസ്ഥ.
കഴിഞ്ഞ നവംബർ 18ന് മുമ്പ് പ്രവേശനം നേടിയവർക്ക് മറ്റു യൂണിവേഴ്സിറ്റികളിലേക്ക് മാറാം. പക്ഷേ, അതേ സിലബസും പരീക്ഷാരീതിയുമുള്ള യൂണിവേഴ്സിറ്റികൾ കണ്ടെത്തുന്നത് വെല്ലുവിളിയാണ്. യുദ്ധം നടക്കുന്നതിനാൽ പഠനരേഖകൾ ലഭിക്കാനും പ്രയാസമാണ്. കൊവിഡും യുദ്ധവും കാരണം മടങ്ങിയെത്തി ജൂൺ 30നുള്ളിൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പിന് അനുമതി നൽകിയിരുന്നു. മറ്റുള്ളവരുടെ തുടർപഠനത്തിനായി രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. ഇന്ന് എൻ.എം.സി നിലപാട് കോടതിയെ അറിയിക്കും.
 അക്കാഡമിക് വർഷം നഷ്ടമാകും
നീറ്റ് പരീക്ഷയെഴുതി വീണ്ടും പഠനം തുടങ്ങേണ്ടി വരുമോ എന്നാണ് ഒന്നാം വർഷക്കാരുടെ ആശങ്ക. യുക്രെയിനിൽ മെഡിക്കൽ പഠനത്തിന് 40 ലക്ഷം രൂപ വരെയാണ്. ആദ്യവർഷം മാത്രം 10 ലക്ഷം വേണം. നൽകിയ ഫീസും ഒരു അക്കാഡമിക് വർഷവും നഷ്ടപ്പെടും.
തിരിച്ചെത്തിയ വിദ്യാർത്ഥികൾ
 ഒന്നാം വർഷം-889
 രണ്ടാം വർഷം-334
 മൂന്നാം വർഷം-548
 നാലാം വർഷം-511
 അഞ്ചാം വർഷം-379
 അവസാന വർഷം-77
 ആകെ-2,738
''ട്രാൻസ്ഫർ അനുവദിച്ചാലും മറ്റുയൂണിവേഴ്സിറ്റി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഓൺലൈൻ പഠനവും സുഖകരമല്ല. എഫ്.എം.ജി.ഇ എഴുതാൻ എൻ.എം.സി അനുമതി തരണം."
- മനീഷ, വയനാട്, തിരിച്ചെത്തിയ രണ്ടാം വർഷ മെഡി. വിദ്യാർത്ഥിനി