kk

ന്യൂഡൽഹി : നാല് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് കൂട്ടുകെട്ട് അവസാനിപ്പിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. തന്റെ പുതിയ പാർട്ടിയുടെ പേരും പതാകയും ജനങ്ങൾ തീരുമാനിക്കുമെന്നും എല്ലാവർക്കും മനസിലാകുന്ന ഹിന്ദുസ്ഥാനി പേരായിരിക്കുമതെന്നും ജമ്മുവിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

താൻ ജമ്മു കാശ്മീരിലെ ജങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് സൈനിക് ഗ്രൗണ്ടിൽ തന്റെ അനുയായികളെ അഭിസംബോധന ചെയ്യവെ ആസാദ് പറഞ്ഞു. 73 കാരനായ, മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി, താൻ ഉടൻ പുതിയ പാർട്ടി ആരംഭിക്കുമെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പാർട്ടിയുടെ ആദ്യ യൂണിറ്റ്, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കാശ്മീരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ആസാദിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് ജമ്മു കാശ്മീരിലെ ബി.ജെ.പിയുമായോ അല്ലെങ്കിൽ പിഡിപി പോലുള്ള മുഖ്യധാരാ പാർട്ടികളുമായോ സഖ്യമുണ്ടാക്കാനുള്ള അവസരമുണ്ട്. എന്നാൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് എൻ.ഡി.ടി.വിയുമായുള്ള അഭിമുഖത്തിൽ ആസാദ് പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുടെ ജമ്മു കാശ്മീർ ഘടകത്തിലെ പദവി നിരസിച്ചതിന് ശേഷമാണ് കോൺഗ്രസിലെ തന്നെ തലമൂത്ത നേതാവായ ആസാദ് പാർട്ടി വിട്ടത്. ജമ്മു കാശ്മീർ ഘടകത്തിൽ നിന്ന് കോൺഗ്രസ് നേതാക്കളുടെ കൂട്ടമായ കൊഴിഞ്ഞ് പോക്കലിന് അദ്ദേഹത്തിന്റെ രാജി കാരണമായി.
രാജിയെത്തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യം വച്ച് കനത്ത വിമർശനം അദ്ദേഹം ഉന്നയിച്ചിരുന്നു. 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആസാദിന്റെ രാജി കോൺഗ്രസിന് വലിയ ആഘാതമാണേൽപ്പിച്ചിരിക്കുന്നത്. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, മുൻ പഞ്ചാബ് മുഖ്യമന്ത്രി സുനിൽ ജാഖർ, മുൻ കേന്ദ്രമന്ത്രിമാരായ കപിൽ സിബൽ, അശ്വനി കുമാർ എന്നിവരുൾപ്പെടെ പാർട്ടിയിൽ നിന്നുള്ള നിരവധി ഉന്നതരുടെ പുറത്തുപോക്കിന് പിന്നാലെയായിരുന്നു ആസാദിന്റെ രാജി. വലിയ തോതിലുള്ള സംഘടനാ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി23 നേതാക്കളിൽ ആസാദും ഉൾപ്പെട്ടിരുന്നു.