padayani-

തിരുവനന്തപുരം:ഗൃഹാതുരമായ മാവേലിക്കാലത്തിന്റെ സ്മരണകളുണർത്തി കോട്ടൺ ഹിൽ സ്കൂളിൽ കുട്ടികൾ അവതരിപ്പിച്ച ഓണാഘോഷ കലാപരിപാടികൾ വ്യത്യസ്തമായി. തെയ്യം,കഥകളി എന്നിവയ്ക്കൊപ്പം കുമ്മാട്ടി,പടയണി,തോറ്റം പാട്ട്, പുലിക്കളി എന്നീ തനത് കലാരൂപങ്ങളും വള്ളംകളി, തുമ്പിതുള്ളൽ, തിരുവാതിര, ഊഞ്ഞാലാട്ടം എന്നീ ഓണക്കളികളും കാണികളുടെ മനം നിറച്ച് വേദിയിലെത്തി.

പരീക്ഷാച്ചൂടിനിടയിലും രണ്ടാഴ്ച നീണ്ട പരിശീലനത്തിനൊടുവിലാണ് യു.പി വിഭാഗം കുട്ടികൾ വിവിധ നൃത്തശില്പങ്ങൾ അരങ്ങിലെത്തിച്ചത്. പടയണിക്കോലങ്ങളും കുമ്മാട്ടിവേഷവും ചുണ്ടൻ വള്ളവുമൊക്കെ നിർമ്മിക്കാൻ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായവും ലഭിച്ചു. മുത്തുക്കുടയും ആലവട്ടവും വെൺചാമരവുമായി കേരളീയ കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്രയോടെയാണ് കലാപരിപാടികൾ അവസാനിച്ചത്. തുടർന്ന് നാലായിരത്തിലധികം പേർക്ക് വിഭവസമൃദ്ധമായ ഓണസദ്യ. സ്കൂൾ മുറ്റത്ത് ഊഞ്ഞാലാടിയും വടംവലി, ഉറിയടി മൽസരങ്ങളിൽ പങ്കെടുത്തും നിറഞ്ഞ മനസ്സോടെയാണ് കുട്ടികൾ ഓണാവധി ആഘോഷിക്കാൻ വീടുകളിലേക്ക് മടങ്ങിയത്.