
തിരുവനന്തപുരം: സർക്കാർ പരിഷ്കരിച്ച അക്ഷരമാലയ്ക്ക് ഐക്യ ദാർഢ്യവുമായി 51 അക്ഷരങ്ങൾ കൊണ്ട് ബൃഹദ് പൂക്കളമൊരുക്കി മലയാളം പള്ളിക്കൂടം. 30 മീറ്റർ ചുറ്റളവിൽ കുട്ടികൾ ഒരുക്കിയ പൂക്കളത്തിൽ നൂറോളം പുസ്തകങ്ങളും സ്ഥാനം പിടിച്ചു. ചെറുശ്ശേരി, എഴുത്തച്ചൻ, കുഞ്ചൻ നമ്പ്യാർ തുടങ്ങി ബാലചന്ദ്രൻ ചുള്ളിക്കാട് വരെയുള്ളവരുടെ പുസ്തകങ്ങൾ കുട്ടികൾ പൂക്കളോടൊപ്പം നിരത്തി. മലയാളം പള്ളിക്കൂടത്തിന്റെ ലോഗോയുൾപ്പെടെയുള്ള വ്യത്യസ്ത ഡിസൈനിൽ ഒരുക്കിയ പൂക്കളത്തിന് കാർട്ടൂണിസ്റ്റ് സുജിത് നേതൃത്വം നൽകി.
എല്ലാ പൂക്കൾക്കും ഇടം കൊടുക്കുന്ന സ്ഥലമാണ് കേരളം. അതുപോലെ എല്ലാ മനുഷ്യർക്കും ഇടം കൊടുക്കുന്നതാകണം കേരളം. മലയാളം പള്ളിക്കൂടം അദ്ധ്യക്ഷൻ വി .മധുസൂദനൻ നായർ പറഞ്ഞു . സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശങ്ങൾ കവിതകളിലൂടെ ഉദ്ധരിച്ചു കൊണ്ടാണ് വി.മധുസൂദനൻ നായർ ഓണ സന്ദേശം നല്കിയത്.
51 അക്ഷരങ്ങളുടെയും മുന്നിലായി 51 ചെരാതുകളും തെളിച്ചു. വട്ടപറമ്പിൽ പീതാംബരൻ , എൻ.കെ. സുനിൽകുമാർ, സനൽ ഡാലു മുഖം എന്നിവർ കുട്ടികൾക്ക് ഓണപ്പാട്ടുകൾ പാടി കൊടുത്തു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം ഓണ സന്ദേശം നല്കി. കുട്ടികൾ മധുരപ്പെട്ടിയിൽ നിക്ഷേപിച്ച മധുര പലഹാരങ്ങൾ വിതരണ നടത്തി. വടംവലിയും ഊഞ്ഞാലാട്ടവും കൊണ്ട് ഓണാഘോഷം വ്യത്യസ്തമാക്കി.