കോഴിക്കോട് : യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയിരിക്കെ നടപടിയുടെ ഭാഗമായി സ്ഥാനം രാജിവെച്ച സി. കെ.സുബൈറിനെ മുസ്ലീം ലീഗ് ദേശീയ അസി.സെക്രട്ടറിയാക്കിയതിനെതിരെ പാർട്ടിയിൽ പ്രതിഷേധം. ചെന്നൈയിൽ നടന്ന മുസ്ലീം ലീഗ് ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിന് ശേഷം ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്.
കത്വ ഫണ്ടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണത്തിന്റെയും യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെയും പിന്നാലെയായിരുന്നു സുബൈറിന്റെ രാജി. കത്വ ഫണ്ട് ആരോപണത്തിൽ യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾ സുബൈറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
കത്വ, ഉന്നാവോ ഇരകളുടെ കുടുംബത്തിന് നൽകാൻ യൂത്ത് ലീഗ് സമാഹരിച്ച തുക തിരിമറി നടത്തിയതാണ് പരാതി. പണപ്പിരിവിൽ അട്ടിമറി നടന്നെന്നും പിരിച്ചെടുത്ത തുക ഇരകൾക്ക് നൽകാതെ നേതാക്കൾ കൈക്കലാക്കി എന്ന് യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് ആരോപിച്ചത്.
യൂത്ത് ലീഗിന്റെ ദേശീയ കമ്മിറ്റിയെ പ്രഖ്യാപിച്ചത് സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായാണെന്ന ആരോപണവുമുണ്ട്. പി.വി.അഹമ്മദ് സാജുവാണ് എം.എസ്.എഫിന്റെ പുതിയ പ്രസിഡന്റ്. ആസിഫ് അൻസാരിയാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ്. മു ഈനലി ശിഹാബ് തങ്ങളാണ് വൈസ് പ്രസിഡന്റ്.