
കൊല്ലം: കൊല്ലത്ത് ഓണാഘോഷത്തിനിടയിൽ ആറാം ക്ലാസുകാരിയുടെ മുടി സീനിയർ പെൺകുട്ടികൾ മുറിച്ചതായി പരാതി. സ്‌കൂളിലെ സീനിയർ പെൺകുട്ടികൾ പുകവലിക്കുന്നത് ആറാം ക്ലാസുകാരിയായ പെൺകുട്ടി കണ്ടിരുന്നു. ഇതിനെ തുടർന്ന് കുട്ടിയെ മർദ്ദിക്കുകയും മുടിമുറിക്കുകയും ചെയ്‌തെന്നാണ് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത് .
പെൺകുട്ടികൾ മാത്രം പഠിക്കുന്ന കൊല്ലം നഗരത്തിലെ പ്രധാന സ്‌കൂളിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ 23 നാണ് ഓണാഘോഷത്തിനിടെ പത്താം ക്ലാസിൽ പഠിക്കുന്ന ആറ് പെൺകുട്ടികൾ സ്‌കൂളിലെ ടോയ്‌ലെറ്റിൽ നിന്നും പുകവലിച്ചത് കണ്ടതിന് ആറാം ക്ലാസുകാരിയെ ആക്രമിച്ചത്. സംഭവത്തിൽ ശിശു സംരക്ഷണ സമിതി ഇടപെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവമുണ്ടായി ഒരാഴ്ച്ചക്ക് ശേഷമാണ് പെൺകുട്ടി ഇതിനെക്കുറിച്ച് വീട്ടുകാരോട് വിവരമറിയിക്കുന്നത്. തുടർന്ന് മാതാപിതാക്കൾ സ്‌കൂളിലും ശിശുസംരക്ഷണ സമിതിയിലും പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ശിശുസംരക്ഷണ സമിതി അറിയിച്ചു. മർദ്ദനമേറ്റ കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി. വിഷയത്തിൽ സ്‌കൂൾ അധികൃതരും കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.