palode

തിരുവനന്തപുരം: പാലോട് മങ്കയം മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (34)​ ആണ് മരിച്ചത്. മൂന്നാറ്റ് മുക്കിൽ നിന്നാണ് മൃതദേഹം കിട്ടിയത്. ഷാനിയുടെ ബന്ധുവായ നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് സുനാജ് മൻസിലിൽ നസ്റിയ ഫാത്തിമ (ആറ്) യുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

മങ്കയം വെള്ളച്ചാട്ടത്തിൽ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നെത്തിയ അഞ്ച് കുട്ടികളടക്കം ബന്ധുക്കളായ പത്തുപേ‌ർ മങ്കയം ആറ്റിൽ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

നാട്ടുകാർ എട്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഫാത്തിമയേയും ഷാനിയേയും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ അരക്കിലോമീറ്റർ അകലെ നിന്നാണ് ഫാത്തിമയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.