cuyrus-misry

മുംബയ്: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്‌ത്രി (54) അപകടത്തിൽപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്. മിസ്ത്രി സഞ്ചരിച്ച കാർ അമിത വേഗത്തിലായിരുന്നു. ഒൻപത് മിനിട്ടുകൊണ്ടാണ് ഇരുപത് കിലോമീറ്റർ പിന്നിട്ടത്.

കാറിന്റെ പിറകിലെ എയർ ബാഗ് പ്രവർത്തിച്ചിരുന്നില്ലെന്നും, മരിച്ച രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സൈറസ് മിസ്‌ത്രിയുടെ കൂടെയുണ്ടായിരുന്ന മുംബയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അനഹിത പണ്ടോളെയുടെ ഭർത്താവ് ഡാരിയസ് പണ്ടോളെ (60), ഇദ്ദേഹത്തിന്റെ സഹോദരൻ ജഹാംഗിർ പണ്ടോളെ എന്നിവരും കാറിലുണ്ടായിരുന്നു. പിൻസീറ്റിലിരുന്ന മിസ്ത്രിയും ജഹാംഗിറുമാണ് മരിച്ചതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

അഹമ്മദാബാദിൽ നിന്നും മുംബയിലേക്ക് തന്റെ കാറിൽ പോകവെയാണ് അപകടമുണ്ടായത്. മിസ്‌ത്രി സഞ്ചരിച്ച മേഴ്‌സിഡസ് ബെൻസ് കാർ മഹാരാഷ്‌ട്രയിൽ പാൽഖറിൽ ഒരു ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.