
കൊച്ചി: നടന്നു നടന്ന് എത്തിയത് കായൽ കരയിൽ. ഇവിടെ കിടന്നൊന്ന് മയങ്ങിയേക്കാമെന്ന് കരുതിയ നായ്ക്കുട്ടൻ, കണ്ണുതുറന്നപ്പോൾ കണ്ടത് ചുറ്റുംവെള്ളം! കരയെന്ന് കരുതി കക്ഷി കിടന്ന് കായലിൽ ഒഴുകിയെത്തിയ പായലിലായിരുന്നു. എറണാകുളം വൈറ്രിലെ ജലമെട്രോ സ്റ്റേഷന് സമീപം രണ്ട് ദിവസത്തോളം പായലിൽ കുരുങ്ങി പുഴനടുവിൽ കുടുങ്ങിയ നായയെ ഇന്നലെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെയാണ് ഗാന്ധിനഗർ ഫയർഫോഴ്സ് സംഘം നായയെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷൻ തുടങ്ങിയത്. ജലമെട്രോയുടെ അത്യാധുനിക ബോട്ടിലെത്തിയാണ് വിരുതനെ കരയ്ക്കെത്തിച്ചത്. അര മണിക്കൂർ നീണ്ട ദൗത്യത്തിന് ശേഷം വയറുനിറയെ ഭക്ഷണം നൽകി നായയെ സ്വതന്ത്രനാക്കി.
രാവിലെ 11ഓടെ ജലമെട്രോ ജീവനക്കാരനും അരൂർ സിവിൽ ഡിഫൻസ് അംഗവുമായ ആര്യനാണ് ദയനീയ അവസ്ഥയിൽ നിൽക്കുന്ന നായയെ ആദ്യം കാണുന്നത്. രക്ഷപ്പെടുത്താൻ പലശ്രമങ്ങൾ ആര്യനും സഹപ്രവർത്തകരും നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ബോട്ട് അവിടേക്ക് എത്തിക്കാൻ കഴിയുമോയെന്ന ആശങ്കയും ഇവർക്കുണ്ടായി. മറ്റൊന്നും നോക്കാതെ ഗാന്ധിനഗർ ഫയർഫോഴ്സിൽ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നു. നിമിഷനേരം കൊണ്ട് അസി. സ്റ്റേഷൻ ഓഫീസർ എം.ആർ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം പാഞ്ഞെത്തി. ഇവർ വാട്ടർമെട്രോ അധികൃതരുമായി സംസാരിച്ച് ജലമെട്രോയുടെ ബോട്ട് രക്ഷപ്രവർത്തനത്തിനായി തരപ്പെടുത്തി.
ബോട്ട് പായലിനോട് ചേർത്ത് നിറുത്തിയ സീനിയർ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ അഭിലാഷ് ഇവിടേയ്ക്ക് ഇറങ്ങി നായയെ രക്ഷപ്പെടുത്തുകയായിരുന്നു. നാടൻ ഇനത്തിൽപ്പെട്ട വളർത്തുനായയാണ് പായലിൽ കുരുങ്ങിയത്. ആരോ ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നതെന്ന് എം.ആർ സുനിൽ കുമാർ പറഞ്ഞു. ഫയർഫോഴ്സ് സംഘത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ രാജേഷ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ശരത്ത് എന്നിവർ ടീമിലുണ്ടായിരുന്നു.