arun-sagha-kumari

കൊച്ചി: ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. രണ്ട് വർഷം മുമ്പാണ് തിരുവനന്തപുരം കാരക്കോണം സ്വദേശി ശാഖ കുമാരി(51)യെ ഭർത്താവ് അരുൺ(26) കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 50,000 രൂപയുടെ ബോണ്ടും ആൾ ജാമ്യവും എന്ന വ്യവസ്ഥയിലാണ് ജാമ്യം നൽകിയത്.

2020 ഒക്ടോബറിലാണ് ശാഖ കുമാരിയെ അരുൺ വിവാഹം കഴിച്ചത്. ഒരു കുഞ്ഞ് വേണമെന്ന് ശാഖ ആവശ്യപ്പെട്ടതിനെ തുടർന്ന് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബർ 26നാണ് കൊലപാതകം നടന്നത്. നെയ്യാറ്റിൻകരയിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ശാഖ രണ്ട് വർഷം മുമ്പാണ് നെയ്യാറ്റിൻകര സ്വദേശിയായ അരുണുമായി സൗഹൃദത്തിലാകുന്നത്. പ്രായം കുറവുള്ള അരുണും മദ്ധ്യവയസ്കയായ ശാഖയും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോ പുറത്ത് വന്നത് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ സൃഷിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നൽകിയിരുന്നു.

അറസ്റ്റിലായ അരുണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, കുറ്റപത്രം നല്‍കിയത് ചൂണ്ടിക്കാണിച്ച് മജിസ്‌ട്രേട്ട് കോടതി ജാമ്യം നല്‍കി. ഇതിനെതിരെ പ്രോസിക്യൂഷനും ശാഖാകുമാരിയുടെ കുടുംബവും ഹര്‍ജി നല്‍കി. തുടര്‍ന്ന് സെഷന്‍സ് കോടതി ജാമ്യം റദ്ദാക്കി. അരുണ്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഇതും ശാഖാകുമാരിയുടെ കുടുംബത്തിന്റെ ഹര്‍ജിയും സിംഗിള്‍ ബെഞ്ച് ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവച്ചു. ജാമ്യത്തിനായി പത്തുദിവസത്തിനകം ഹൈക്കോടതിയെയോ സെഷൻസ് കോടതിയെയോ സമീപിക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് അരുൺ നൽകിയ ഹർജിയിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്.