
ചണ്ഡിഗഡ്: പരപുരുഷബന്ധം സംശയിച്ച് വയോധികൻ മരുമകളെ കൊലപ്പെടുത്തി. പഞ്ചാബിലെ പ്രതാപ് നഗറിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ പ്രതിയായ ഗോപി ലാലിനെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
മരുമകളായ ലക്ഷ്മിയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി ഗോപി പറയുന്നു. മരുമകളെ പലതവണ വിലക്കിയിട്ടും ചെവികൊണ്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയും ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പ്രകോപിതനായ ഗോപി മരുമകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽപ്പോയി.
നഴ്‌സറി സ്കൂളിൽ പഠിക്കുന്ന കുഞ്ഞിനെ വിളിച്ചുകൊണ്ടുപോകാൻ ലക്ഷ്മി വരാതിരുന്നതോടെ അയൽക്കാരി വിവരം തിരക്കാൻ എത്തിയതോടെയാണ് മരണവിവരം പുറത്തറിയുന്നത്. കുട്ടിയെ വിളിച്ചുകൊണ്ടുപോകാൻ മാതാപിതാക്കൾ എത്താതിരുന്നതോടെ സ്കൂൾ അധികൃതർ കുട്ടിയുടെ പിതാവ് മോനുവിനെ വിവരമറിയിച്ചു. മോനു അയൽക്കാരിയെ വിളിക്കുകയും കാര്യമന്വേഷിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. വീട്ടിലെത്തിയ അയൽക്കാരി ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പിന്നാലെ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോവുകയും ചെയ്തു. ഇതേത്തുടർന്നാണ് ഗോപി അറസ്റ്റിലായത്. കൊലപാതകത്തിൽ ഗോപിയെ സഹായിക്കാൻ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.