ksrtc

തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് നൽകാനുള്ള ശമ്പള കുടിശികയുടെ മൂന്നിൽ ഒന്ന് ഭാഗം വിതരണം ചെയ്ത് തുടങ്ങി. രണ്ട് മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് നൽകാനുള്ളത്. മുഴുവൻ ജീവനക്കാർക്കും 33 ശതമാനം ശമ്പളം നൽകിയതായി കെഎസ്ആർടിസി അറിയിച്ചു.

അതേസമയം, കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി തൊഴിലാളി നേതാക്കളുമായും മാനേജ്മെന്റ് പ്രതിനിധികളുമായും ചർച്ച ആരംഭിച്ചു. ശമ്പളത്തിന് പകരം കൂപ്പൺ നൽകാനുള്ള നീക്കത്തിലെ എതിർപ്പ് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ അറിയിക്കും. കെഎസ്ആർടിസിയെ പുനരുദ്ധരിക്കാൻ ഉപാധികളോടെ പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്ക് തയാറാവണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെടും. എന്നാൽ ഏട്ട് മണിക്കൂറിൽ കൂടുതൽ ജോലി അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ളവരുടെ ഉറച്ച നിലപാട്. അവശ്യമെങ്കിൽ പണിമുടക്ക് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും ആലോചനയുണ്ട് .