
ന്യൂഡൽഹി: ജോലിയില്ലാത്തതിന്റെ പേരിൽ ഡിപ്രഷനിലായതിനെ തുടർന്ന് അമ്മയെ കൊലപ്പെടുത്തിയ 25കാരൻ ആത്മഹത്യ ചെയ്തു. ഞായറാഴ്ചയാണ് സംഭവം. ഡൽഹി സ്വദേശികളായ മിഥിലേഷ്, അമ്മ ക്ഷിതിജ് എന്നിവരാണ് മരിച്ചത്.
കഴുത്തിൽ കത്തികൊണ്ട് മുറിവേറ്റ നിലയിലാണ് മിഥിലേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പ് ഇയാൾ ക്ഷിതിജിനെ കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മിഥിലേഷ് എഴുതിയതെന്ന് കരുതപ്പെടുന്ന 77 പേജുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തി. ജോലിയില്ലെന്നും ഡിപ്രഷനിലാണെന്നും കത്തിൽ എഴുതിയിട്ടുണ്ട്. വീട്ടിൽ നിന്ന് ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന മിഥിലേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ക്ഷിതിജിന്റെ മൃതദേഹം കുളിമുറിയിൽ നിന്ന് അഴുകിയ നിലയിലാണ് കണ്ടെത്തിയത്. വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണ് താമസിച്ചിരുന്നതെന്നും മിഥിലേഷ് അവിവാഹിതനാണെന്നും പൊലീസ് പറഞ്ഞു.