mahalekshmi

രണ്ട് ദിവസം മുമ്പായിരുന്നു നടി മഹാലക്ഷ്മിയുടെയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖറിന്റെയും വിവാഹം. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ നടിയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും, കാഴ്ചയിൽ രണ്ട് പേരും തമ്മിൽ ചേരില്ലെന്നുമൊക്കെയുള്ള ചർച്ചകളും സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രവീന്ദർ ഇപ്പോൾ. മഹാലക്ഷ്മിയുടേത് മാത്രമല്ല, തന്റേയും രണ്ടാം വിവാഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'മഹാലക്ഷ്മി നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്നും, ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും എനിക്കറിയാം. എന്റെയും രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യ അതിസുന്ദരിയായിരുന്നു. പക്ഷേ എന്റെ ആദ്യ വിവാഹത്തെപ്പറ്റിയൊന്നും ആരും ചർച്ച ചെയ്യുന്നില്ല. പുരുഷാധിപത്യ സമൂഹമായതുകൊണ്ടാണ് ആദ്യ വിവാഹത്തിന്റെ പേരിൽ മഹാലക്ഷ്മിക്ക് നേരെ ചോദ്യങ്ങൾ ഉയരുന്നത്.

പണം കണ്ടിട്ടാണ് മഹാലക്ഷ്മി എന്നെ കെട്ടിയതെന്ന് പറയുന്നവരോട്, എല്ലാ സ്ത്രീകളും പണം നോക്കുന്നുണ്ട്. പക്ഷേ അത് അവരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള പണമാണ്. അല്ലാതെ ജീവിതകാലം മുഴുവൻ ആർഭാടമാക്കാനല്ല. നിങ്ങളുടെ മകളെയോ പെങ്ങളെയോ വിവാഹം ചെയ്തുകൊടുക്കുമ്പോൾ ചെറുക്കന്റെ സാമ്പത്തിക ശേഷി അന്വേഷിക്കില്ലേ.

മഹാലക്ഷ്മി ഓകെ പറഞ്ഞപ്പോൾ തടി കുറക്കാൻ രണ്ട് വർഷം വേണമെന്നും അതിനുശേഷം മതി വിവാഹമെന്നും പറഞ്ഞിരുന്നു. എന്നാൽ നിങ്ങൾ ഇതേ ശരീരത്തോടെ, ഇതേ സംസാരത്തോടെ ഇരിക്കുന്നതാണ് എനിക്കിഷ്ടമെന്നായിരുന്നു അവളുടെ മറുപടി. '- അദ്ദേഹം പറഞ്ഞു.


രവീന്ദറാണ് പ്രപ്പോസ് ചെയ്തതെന്ന് നടി പറയുന്നു. ആദ്യം നോ ആണ് പറഞ്ഞത്. പണം നോക്കിയാണ് വിവാഹം കഴിച്ചതെങ്കിൽ ആദ്യമേ യെസ് പറയായിരുന്നല്ലോയെന്ന് നടി പ്രതികരിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.