ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രമാണ് 'പാൽതു ജാൻവർ'. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമിച്ച സിനിമ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്.

tovino

സിനിമയ്‌ക്കകത്തും നല്ലൊരു സൗഹൃദ വലയം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ബേസിൽ. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ മനസുതുറന്നിരിക്കുകയാണ് നടൻ.

വിനീത് ശ്രീനിവാസനും ടൊവിനോ തോമസിനുമൊപ്പമുള്ള രസകരമായ സംഭവങ്ങളാണ് ബേസിൽ പങ്കുവച്ചിരിക്കുന്നത്. 'വിനീതേട്ടനെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് പെട്ടെന്ന് മനസിൽ വരുന്നത് ഭക്ഷണമാണ്. ഭയങ്കര ഫൂഡി ആണ്. നമ്മൾ ഒരു സാധനം ഓർഡർ ചെയ്തു. വിനീതേട്ടൻ ഓർഡർ ചെയ്ത സാധനത്തിൽ നമ്മുടെ കൈ പോയാൽ കഴിച്ചോണ്ടിരിക്കുമ്പോൾ ശ്രദ്ധിക്കും. തരൂല.

രണ്ട് പീസ് ചിക്കനുണ്ടേൽ രണ്ടും വിനീതേട്ടൻ കഴിക്കും. വേണേൽ നീ വേറെ ഓർഡർ ചെയ്‌തോ, എന്റെ കൈയിൽ നിന്ന് തരൂല എന്ന് പറയും. എവിടെ പോയാലും ഫുഡിനെക്കുറിച്ചാണ് പറയുക. ഉഗ്രനായിട്ട് കുക്ക് ചെയ്യും. ഫോട്ടോയൊക്കെ അയച്ചുതരും. ദിവ്യ ചേച്ചി വെജിറ്റേറിയനാണ്. അതുകൊണ്ട് നോൺ വെജ് കഴിക്കണമെങ്കിൽ സ്വയം കുക്ക് ചെയ്ത് കഴിക്കണം.

ടൊവിനോയെക്കുറിച്ച് പറഞ്ഞത്

'വീഡിയോ എടുക്കലും മറ്റുമായി ടൊവിനോയ്‌ക്ക് എന്തെങ്കിലും പരിപാടി എപ്പോഴും ഉണ്ടാകും. ഒട്ടിക്കുന്ന ടൈപ്പ് ബട്ടണുള്ള ഷർട്ടില്ലേ, ഈ ഷർട്ട് ഇട്ട് അവന്റെ മുന്നിൽ പോയി നിൽക്കരുത്. നമ്മളറിയാതെ അവൻ ആരെയെങ്കിലും വീഡിയോ എടുക്കാൻ സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാകും. എന്നിട്ട് നമ്മുടെ അടുത്ത് വന്നിട്ട് ഒറ്റവലിയാണ് ഷർട്ട്. ഇത് പലരെയും ഇവൻ ചെയ്തിട്ടുണ്ട്. ഇങ്ങനത്തെ കുഞ്ഞു കുഞ്ഞു കുസൃതികളൊക്കെ ഉണ്ട് അവന്റെയടുത്ത്.' ബേസിൽ പറഞ്ഞു.