damien-sanderson

ഒറ്റാവ: പത്തുപേരെ കുത്തിക്കൊല്ലുകയും പതിനഞ്ചോളം പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത രണ്ടുപേർക്കായി തെരച്ചിൽ ആരംഭിച്ച് പൊലീസ്. കാനഡയിലെ സസ്‌കാച്ചെവൻ പ്രവിശ്യയിൽ ഇന്നലെ പുലർച്ചെയാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പര അരങ്ങേറിയത്. മൂന്നിടങ്ങളിലായി നടന്ന കൊലപാതകം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഭവമാണ്. രാജ്യത്ത് അരങ്ങേറിയ കൊലപാതക പരമ്പര ഭീകരവും ഹൃദയഭേദകവുമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂ‌‌ഡോ പറഞ്ഞു.

The attacks in Saskatchewan today are horrific and heartbreaking. I’m thinking of those who have lost a loved one and of those who were injured.

— Justin Trudeau (@JustinTrudeau) September 4, 2022

3400 പേർ താമസിക്കുന്ന ജെയിംസ് സ്മിത്ത് ക്രീ നേഷൻ, 200 പേരടങ്ങുന്ന വെൽഡൽ, സസ്‌കാച്ചെവൻ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഡാമിയൻ സാൻഡേഴ്സൺ (31), മൈലസ് സാൻഡേഴ്‌സൺ (30) എന്നിവരാണ് പ്രതികളെന്നാണ് പൊലീസ് സംശയിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഇവർ വാഹനത്തിൽ കയറി കടന്നുകളഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. മരിച്ചവരുടെ വിവരങ്ങളും ലഭ്യമായിട്ടില്ല. ചിലരെ ലക്ഷ്യം വച്ചാകാം ആക്രമണം നടത്തിയതെന്നും എന്നാൽ ബാക്കിയുള്ളവർ അറിയാതെ ഇരകളായി മാറിയതാകാമെന്നും പൊലീസ് പറഞ്ഞു.

കുത്തേറ്റവർ സ്വയം ചികിത്സ തേടിയിരിക്കാൻ സാദ്ധ്യതയുള്ളതിനാൽ പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാൻ സാദ്ധ്യതയുള്ളതായും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിന് പിന്നാലെ ജെയിംസ് സ്മിത്ത് ക്രീ നേഷനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം നടന്ന മറ്റ് പ്രദേശങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്.