ambani-adani

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന ഖ്യാതി നഷ്ടമായതിന് പിന്നാലെ ബിസിനസ് വിപുലീകരിക്കാനുള്ള നടപടികൾ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ആരംഭിച്ചു. പെട്ടെന്ന് വിറ്റഴിക്കപ്പെടുന്ന എഫ്.എം.സി.ജി അഥവാ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സിലാണ് റിലയൻസ് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നത്. ഉടൻ തന്നെ രണ്ട് എഫ്.എം.സി.ജി ബ്രാൻഡുകൾ കമ്പനി ഏറ്റെടുക്കുമെന്നാണ് വിവരങ്ങൾ. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് നിലവിൽ രാജ്യത്തെ ഏറ്റവും

ധനികനായ വ്യക്തി.

ലാഹോരി സീറ, ബിന്ദു ബിവറേജസ്, ഗാർഡൻ നംകീൻസ് എന്നീ കമ്പനികൾ ഏറ്റെടുക്കാനുള്ള ചർച്ചകൾ റിലയൻസ് സജീവമാക്കിയിട്ടുണ്ട്. ഈയടുത്താണ് ഡൽഹി ആസ്ഥാനമായുള്ള പ്യുവർ ഡ്രിംഗ്‌സ് ഗ്രൂപ്പിൽ നിന്ന് 22 കോടി രൂപയുടെ ഇടപാടിൽ ശീതളപാനീയ ബ്രാൻഡായ 'ക്യാമ്പ'യെ ഏറ്റെടുത്തത്.

ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സിൽ ഈ വർഷം ബിസിനസ് ഈ വർഷം ആരംഭിക്കുമെന്ന് റിലയൻസ് റീട്ടെയിലിന്റെ ഡയറക്ടർ ഇഷ അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് ആനുവൽ മീറ്റിനിടെയായിരുന്നു പ്രഖ്യാപനം.

ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ആവശ്യങ്ങൾ പരിഹരിക്കുന്ന ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്ന വിലയുള്ളതുമായ ഉത്പന്നങ്ങൾ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ് ഈ ബിസിനസിന്റെ ലക്ഷ്യമെന്ന് ഇഷ പറഞ്ഞിരുന്നു.