air-pollution

വായുമലിനീകരണം പുരുഷൻമാരേക്കാൾ ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെയെന്ന് പഠനം. സ്‌പെയിനിലെ ബാർസിലോണയിൽ നടക്കുന്ന യൂറോപ്യൻ റെസ്പിറേറ്ററി സൊസൈറ്റി ഇന്റർനാഷണൽ കോൺഗ്രസിൽ സമർപ്പിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുക രക്തത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് പഠനത്തിൽ നിരീക്ഷിച്ചത്. വായുമലിനീകരണം വീക്കം, അണുബാധ, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാവുന്നതായി പഠനത്തിൽ കണ്ടെത്തി. എന്നാൽ ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണെന്നാണ് പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കാനഡയിലെ വിന്നിപെഗിലെ മാനിറ്റോബ സർവകലാശാലയിലെ ഡോ. ഹേംശേഖർ മഹാദേവപ്പയാണ് ഗവേഷണം അവതരിപ്പിച്ചത്. മാനിറ്റോബ സർവകലാശാലയിലെ പ്രൊഫസർ നീലോഫർ മുഖർജി, കാനഡയിലെ വാൻകൂവറിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പ്രൊഫസർ ക്രിസ് കാൾസ്റ്റൺ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ഗവേഷണം.

പുകവലി ശീലമില്ലാത്ത അഞ്ച് സ്ത്രീകളും അഞ്ച് പുരുഷൻമാരുമാണ് പഠനത്തിൽ പങ്കെടുത്തത്. പഠനത്തിന്റെ ഭാഗമായി ഇവർ നാല് മണിക്കൂർ ശുദ്ധമായ വായു ശ്വസിക്കുകയും നാല് മണിക്കൂർ മലിനീകരണമുള്ള വായു ശ്വസിക്കുകയും ചെയ്തു. ഓരോ നാല് മണിക്കൂർ ശ്വസനത്തിനും 24 മണിക്കൂറിന് ശേഷം ബ്ളഡ് സാമ്പിളുകൾ പരിശോധനയ്ക്കായി നൽകി. ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വായുമലിനീകരണം ഏറെ അപകടമുണ്ടാക്കുന്നത് സ്ത്രീകൾക്കാണെന്ന് സ്ഥിരീകരിച്ചത്. ആസ്മ പോലുള്ള രോഗങ്ങളും ഇക്കാരണത്താൽ ഏറെ ബാധിക്കുക സ്ത്രീകളെയായിരിക്കുമെന്ന് പഠനത്തിൽ നിരീക്ഷിക്കുന്നു.