
ഒരുകാലത്ത് കേരളത്തിൽ പ്രത്യേകിച്ച് മലയോരങ്ങളിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഒന്നാണ് തൊമരപ്പയർ. കുടിയേറ്റ കർഷകരിൽ പലരുടെയും പട്ടിണിയകറ്റിയതും തൊമരപ്പയറാണ്. കപ്പയും തൊമരപ്പയർ പുഴുക്കും കുടിയേറ്റ കർഷകന്റെ അതിജീവന ഭക്ഷണ വിഭവങ്ങളിലൊന്നായി ഗൃഹാതുരതയിൽ ഉണ്ട്. കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാത്തതിനാൽ ആരോഗ്യവും സ്റ്റാമിനയും കാത്തുസൂക്ഷിക്കുന്നതിൽ തൊമരപ്പയർ കാര്യമായ പങ്ക് വഹിച്ചിരുന്നു. പക്ഷേ, കാലം മാറിയതോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. പതിയെ തൊമരപ്പയർ തീൻമേശയിൽ നിന്ന് അപ്രത്യക്ഷമായി.
പക്ഷേ, ഇപ്പോൾ തൊമരപ്പയർ തിരികെ വന്നുതുടങ്ങി. കൊവിഡാണ് ഇതിനൊരു പ്രധാന കാരണമായത്. നേരത്തേപ്പോലെ വ്യാപകമായിട്ടല്ലെങ്കിലും പലയിടങ്ങളിലും ഇപ്പോൾ ഇത് കൃഷിചെയ്ത് തുടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കലവറ എന്നതിനൊപ്പം കീടനാശിനികൾ ഉപയോഗിക്കാത്തതുമാണ് പഴയകാലത്തിലെന്നപോലെ ഇപ്പോഴും ഇതിനെ പ്രിയങ്കരമാക്കുന്നത്.
കിളച്ച് കളകൾ മാറ്റിയ സ്ഥലത്താണ് കൃഷിചെയ്യേണ്ടത്. വിത്തുകളാണ് മുളപ്പിക്കുന്നത്.കാര്യമായ വളപ്രയോഗമൊന്നും നൽകിയില്ലെങ്കിലും മികച്ച വിളവ് തന്നെ ലഭിക്കും. കീടബാധ ഉണ്ടാവാത്തതിനാൽ ശരിക്കും ജൈവികമായി തന്നെ തൊമരപ്പയർ ഉത്പാദിപ്പിക്കാനും സാധിക്കും, ആവശ്യം കഴിഞ്ഞ് മിച്ചം വരുന്നവയെ ഉണക്കി സൂക്ഷിക്കുകയും ചെയ്യാം.