
ലക്‌നൗ: മാതാവിനെ ബെൽറ്റുകൊണ്ടടിച്ച് അതിക്രൂരമായി മർദ്ദിച്ച പിതാവിനെ മകൾ കല്ലുകൊണ്ടടിച്ചുകൊന്നു. ഉത്തർപ്രദേശിലെ മദുബൻ ബപ്പുദം പ്രദേശത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗ്രേറ്റർ നോയിഡയിൽ ജൂവലറി ഷോപ്പ് നടത്തുന്ന നാൽപ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്കും മകൾക്കും രണ്ട് ആൺമക്കൾക്കുമൊപ്പം സഞ്ചയ് നഗറിലായിരുന്നു താമസം.
ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ നെഹ്‌റു നഗറിൽ പട്രോളിംഗ് നടത്തുന്നതിനിടെ പ്രദേശത്തെ സ്കൂളിന് സമീപം ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ വീട്ടിൽ നിന്ന് ഒന്നരകിലോമീറ്റർ അപ്പുറമാണ് ഈ പ്രദേശം. കാർ പരിശോധിച്ചപ്പോൾ അതിനുള്ളിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് കാറിനുള്ളിൽ കണ്ടയാളെ ആശുപത്രിയിൽ എത്തിക്കുകയും മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ഞായറാഴ്ച രാവിലെ മരിച്ചയാളുടെ വീട്ടിലെത്തിയ പൊലീസ് വീടിനുള്ളിൽ രക്തക്കറ കാണുകയും രക്തം പുരണ്ട വസ്ത്രങ്ങളും കൊല്ലാനുപയോഗിച്ച കല്ലും കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ സ്ത്രീയും മകളും കുറ്റം സമ്മതിക്കുകയായിരുന്നു.
കൊല്ലപ്പെട്ടയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇയാൾ നിരന്തരം തന്നെയും മക്കളെയും മർദ്ദിക്കുമായിരുന്നെന്നും സ്ത്രീ പൊലീസിനോട് വെളിപ്പെടുത്തി. ശനിയാഴ്ച രാത്രി 11 മണിയോടെ ഇയാൾ മറ്റൊരു സ്ത്രീയുമായി വീഡിയോകോളിലൂടെ സംസാരിക്കുന്നത് ഭാര്യ കണ്ടു. തുടർന്ന് ഇവർ ഫോൺ തട്ടിപ്പറിച്ചെടുക്കുകയും ഭർത്താവുമായി സംസാരിക്കരുതെന്ന് സ്ത്രീയോട് ആവശ്യപ്പെടുകയും ചെയ്തു. ഭർത്താവിനോടും ബന്ധം അവസാനിപ്പിക്കാൻ ഇവർ ആവശ്യപ്പെട്ടു. ഇത് നിരസിച്ച അയാൾ ഭാര്യയെ ബെൽറ്റുകൊണ്ടടിക്കാനും ചവിട്ടാനും ആരംഭിച്ചു.
അമ്മയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മകളെ ഇയാൾ നിലത്തേയ്ക്ക് തള്ളിയിട്ടു. പിന്നാലെ മകൾ അടുക്കളയിലേയ്ക്ക് പോയി അരകല്ലെടുത്ത് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയം ദമ്പതികളുടെ ആൺമക്കളും വീട്ടിലുണ്ടായിരുന്നു.
2017ൽ ആറാം ക്ളാസിലായിരുന്ന മകളുടെ പഠനം ഭർത്താവ് നിർത്തിച്ചതായി സ്ത്രീ പറഞ്ഞു. മകൾ യുട്യൂബ് വീഡിയോകൾ നോക്കി കാർ ഓടിക്കാൻ പഠിച്ചിരുന്നു. കൊലപാതകത്തിന് ശേഷം മകളും അമ്മയും ചേർന്ന് തങ്ങളുടെ വാഗണർ കാറിൽ മൃതദേഹം കയറ്റി കുറച്ചകലത്തായി കാറും മൃതദേഹവും ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകക്കുറ്റത്തിന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറുകാരിയെ ജുവനൈൽ ഹോമിലേക്കയച്ചു. മാതാവ് പൊലീസ് കസ്റ്റഡിയിലാണ്.