
ജമ്മു: ഹൃദയാഘാതത്തെ തുടർന്ന് സൈനിക ആശുപത്രിയിൽ മരിച്ച പാക് ഭീകരൻ തബാറക് ഹുസൈന്റെ (32) മൃതദേഹം പാകിസ്ഥാൻ ഏറ്റുവാങ്ങി. ഇന്ത്യയിൽ ചാവേറാക്രമണം നടത്താൻ പ്രത്യേകിച്ച് ജമ്മു-കാശ്മീർ ലക്ഷ്യമാക്കിയെത്തുന്ന ഭീകരർക്ക് പിന്നിൽ പാകിസ്ഥാനാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന നടപടിയാണിത്. ലഷ്കറെ ഇ ത്വയ്ബ ഭീകരനായ ഇയാൾ സൈനിക കേന്ദ്രം ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ കഴിഞ്ഞ മാസം 21-നാണ് സുരക്ഷാസേനയുടെ പിടിയിലായത്. നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്ക് സുരക്ഷാ സേനയുടെ വെടിയേറ്റിരുന്നു. തുടർന്ന് ജമ്മു-കാശ്മീരിലെ രജൗരി ജില്ലയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് മരിച്ചത്.
പാക് അധീന കാശ്മീരിലെ കോട്ട്ലി ജില്ലയിലെ സബ്‌സ്‌കോട്ട് സ്വദേശിയാണ് തബാറക് ഹുസൈൻ. ആറ് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്. ചാവേർ ആക്രമണത്തിന് നിയോഗിക്കപ്പെട്ട ഇയാൾക്കൊപ്പം നാലഞ്ച് പേർ കൂടിയുണ്ടായിരുന്നതായും പാക് രഹസ്യാന്വേഷണ ഏജൻസിയിലെ കേണൽ യൂനുസ് ചൗധരി തനിക്ക് 30,000 രൂപ നൽകിയതായും ഹുസൈൻ ആശുപത്രിയിൽ വച്ച് വെളിപ്പെടുത്തിയിരുന്നു. ചാവേറായി എത്തിയ തങ്ങൾക്ക് ഇത്തവണ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ കഴിഞ്ഞില്ല. ഇന്ത്യൻ സേനയുടെ വെടിയേറ്റതോടെ കൂടെയുണ്ടായിരുന്നവർ ഒാടി രക്ഷപ്പെട്ടു. തന്നെ ഇന്ത്യൻ സേന രക്ഷിച്ച് ആശുപതിയിൽ പ്രവവേശിപ്പിക്കുകയായിരുന്നുവെന്നും തബാറക് പറഞ്ഞിരുന്നു.