തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഡി. അശ്വിനീകുമാർ രചിച്ച 'നക്സൽബാരിക്ക് ശേഷം പത്രാധിപർ' എന്ന പുസ്തകം ഇന്ന് ഉച്ചയ്‌ക്ക് 3ന് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പുസ്‌തകോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് ചടങ്ങ്. കെ.എസ്.എഫിന്റെ (എസ്.എഫ്.ഐയുടെ പൂർവരൂപം) 1966 ലെ സംസ്ഥാന സെക്രട്ടറിയായിരുന്ന ബോസിന്റെ ജീവിതരേഖയായാണ് പുസ്തകം രചിച്ചതെങ്കിലും 67 ലെ നക്‌സലൈറ്റ് കലാപത്തിന്റെ ചില അറിയപ്പെടാത്ത ചരിത്രം പുസ്‌തകത്തിൽ അനാവരണം ചെയ്യുന്നു. പത്രപ്രവർത്തനം പഠിക്കാൻ കൊൽക്കത്തയ്‌ക്ക് പോയി മടങ്ങിവന്ന അദ്ദേഹം 'സ്ട്രീറ്റ്' എന്ന സ്വതന്ത്ര രാഷ്ട്രീയ മാസിക ആരംഭിച്ചു. എന്നാൽ, അടിയന്തരാവസ്ഥക്കാലത്ത് നക്‌സലാണെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്‌തു. 21 മാസം ജയിലിൽ അടച്ചു. ഇതുൾപ്പെടെയുള്ള ആ കാലഘട്ടമാണ് പുസ്തകത്തിൽ വിവരിക്കുന്നത്.