മലയോര മേഖലകളിൽ ശക്തമായ മഴയും കാറ്റും
തിരുവനന്തപുരം: അതിതീവ്ര മഴയ്‌ക്കുള്ള സാദ്ധ്യതയെ തുടർന്ന് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതലുള്ള മഴ ലഭിക്കാനുള്ള സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതിനെ തുടർന്നാണിതെന്ന് ജില്ലാകളക്ടർ ജെറോമിക് ജോർജ് പറഞ്ഞു. ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് ഇന്നലെയുണ്ടായത്. ബ്രൈമൂർ, പൊന്മുടി ഭാഗങ്ങളിൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
യാത്രകൾക്കും ഖനനത്തിനും വിലക്ക്
റെഡ് അലർട്ടിന്റെ സാഹചര്യത്തിൽ ജില്ലയിൽ ക്വാറിയിംഗ്, ഖനനം എന്നിവ നിരോധിച്ചു. കടലോര / കായലോര /മലയോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്.
പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 260 സെന്റീമീറ്ററും അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 360 സെന്റീമീറ്ററും ഉയർത്തിയിട്ടുള്ളതിനാൽ സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.