syrus-mystry

മുംബയ്: ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയും ജഹാംഗീർ പണ്ഡോളയും മരിച്ച കാറപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. മഹാരാഷ്ട്രയിൽ പാൽഘർ ദേശീയപാതയിൽ സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. അപകടസമയത്ത് പിൻസീറ്റിലിരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീർ പണ്ഡോളയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും കാർ അമിതവേഗത്തിൽ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിടുകയുമായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. അപകടത്തിന് ഏതാനും മിനിട്ടുകൾക്ക് മുമ്പ് പൽഘാറിലെ ചാരോട്ടി ചെക്ക് പോസ്റ്റ് കടന്ന് പോയത് പരിശോധിച്ചതിൽ 9 മിനിറ്റ് കൊണ്ട് മെഴ്സിഡസ് കാർ 20 കിലോ മീറ്റർ പിന്നിട്ടതായും കണ്ടെത്തി. ഉച്ചയ്ക്ക് ശേഷം 2.21 ന് ചെക്ക് പോസ്റ്റ് കടന്ന കാർ അപകടത്തിൽ പെട്ടത് 2.30നാണ്. കാർ ഓടിച്ചിരുന്ന അനാഹിത പണ്ഡോളയ്ക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ.

അന്വേഷണത്തിലെ കണ്ടെത്തലുകൾ

1. സൈറസ് മിസ്ത്രിയെ മരിച്ച നിലയിലാണ് എത്തിച്ചതെന്നും ജഹാംഗീർ ദിൻഷ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് മരിച്ചതെന്നും ആദ്യം പരിശോധിച്ച ഡോക്ടറുടെ മാെഴി.

2. സൈറസ് മിസ്ത്രിക്ക് തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. ജഹാംഗീറിന്റെ ഇടത്കാൽ ഒടിഞ്ഞ നിലയിലും തലയ്ക്ക് ഗുരുതര ക്ഷതമേറ്റ നിലയിലുമായിരുന്നു.

3. ഇരുവരും സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിനാലാണ് മുന്നിലേക്ക് തെറിച്ച് തലയ്ക്ക് ക്ഷതമേറ്റത്. മോട്ടോർ വാഹനനിയമപ്രകാരം പിൻസീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിബന്ധനയുണ്ട്.

4, മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൈനക്കോളജിസ്റ്റായ അനാഹിത പണ്ഡോളയാണ് കാർ ഓടിച്ചിരുന്നത്. കാർ ഇടത് വശത്ത് കൂടി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി.

5. അനാഹിതയ്ക്കാെപ്പം മുൻസീറ്റിലുണ്ടായിരുന്ന ഭർത്താവ് ഡാരിയസും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

6. വാപിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അവരെ ഇന്നലെ മുംബയിലെ ആശുപത്രിയിലേക്ക് മാറ്റി.

7. മുൻഭാഗത്ത് എയർബാഗുകൾ പ്രവർത്തിച്ചതിനാലാണ് യാത്രക്കാർ രക്ഷപ്പെട്ടത്. പിന്നിലിരുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിനാൽ ബെൽറ്റുമായി ബന്ധപ്പെട്ട് (സപ്ളിമെന്റൽ റെസ്ട്രെയിൻഡ് സിസ്റ്റം) നിയന്ത്രിക്കപ്പെടുന്ന എയർബാഗ് പ്രവർത്തിച്ചില്ല എന്നാണ് വ്യക്തമാവുന്നത്. കാർ പരിശോധിച്ചതിൽ പിൻസീറ്റ് ഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

8. കാറിൽ വിമാനത്തിലെ ബ്ളാക്ക് ബോക്സ് പോലെ ഡേറ്റ സംഭരിക്കുന്ന ചിപ്പ് ഉള്ളതിനാൽ അത് പരിശോധിച്ചാൽ അപകടത്തെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്.