bengaluru

ബംഗളൂരു: കനത്ത മഴയെത്തുടർന്ന് ക‌ർണാടകയുടെ തലസ്ഥാനനഗരി വെള്ളത്തിനടിയിലായിരിക്കുന്നു. ജനവാസ കേന്ദ്രങ്ങളിലും തെരുവുകളിലും കനത്ത വെള്ളപ്പൊക്കം കാരണം ബംഗളൂരുവിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ അറിയിച്ചു.

കനത്തമഴയെത്തുടർന്ന് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ മഹാദേവപുര, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽ സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ (എസ് ഡി ആർ എഫ്) സംഘങ്ങളെ വിന്യസിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടും മറ്റ് ഉപകരണങ്ങളും എത്തിക്കാൻ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4.5-5.8 കിലോമീറ്റർ ഉയരത്തിൽ വികസിച്ച മൺസൂൺ കാലാവസ്ഥാ വ്യതിയാനമായ ഷെയർ സോണാണ് അധിക മഴയ്ക്ക് കാരണമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാവുമെന്നും മുന്നറിയിപ്പുണ്ട്.