
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമര പ്രശ്‌നത്തിൽ ലത്തീൻ അതിരൂപതയ്‌ക്കെതിരെ ശക്തമായ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പുനരധിവാസ പാക്കേജ് ഉദ്‌ഘാടന ചടങ്ങിൽ പ്രസംഗിക്കവെയായിരുന്നു ഇത്. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണെന്ന് രൂപതയെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് നല്ല ഉദ്ദേശമേയുളളു, നാട്ടിലെ ജനങ്ങൾ സർക്കാരുമായി സഹകരിക്കുന്നവരാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് എതിർക്കുന്നവർ എതിർക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് അവരാണ്.
'ചടങ്ങിൽ മത്സ്യതൊഴിലാളികളെ ക്ഷണിച്ചപ്പോൾ പറ്റിക്കലാണെന്നും ആരും പങ്കെടുക്കരുതെന്നും നിങ്ങളുടെ കൈയിൽ തന്ന 5500 രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രശീതി പറ്റിക്കലാണ് എന്നും ഒരു വ്യക്തിയുടെ സന്ദേശം ചിലയിടങ്ങളിൽ പോയി. ഇത് പറ്റിക്കലാകുന്നത് എങ്ങനെയാണെന്ന് അദ്ദേഹം പറയണം. നമ്മളാരും ചടങ്ങിൽ പങ്കെടുക്കരുത് എന്നാണ് അടുത്ത ആഹ്വാനം. ഇതുപോലുളള പൊളളത്തരങ്ങളിൽ സഹോദരങ്ങൾ ബലിയാടാകാതിരിക്കട്ടെ എന്നും സന്ദേശത്തിൽ പറയുന്നു.' മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനത്തിന്റെ ആത്മാർത്ഥത ശരിയായ രീതിയിൽ മത്സ്യ തൊഴിലാളികൾ തിരിച്ചറിഞ്ഞതായും മുഖ്യമന്ത്രി ചടങ്ങിൽ അഭിപ്രായപ്പെട്ടു.
മത്സ്യതൊഴിലാളികൾക്കായി സർക്കാർ ചെയ്‌ത കാര്യങ്ങൾ പറഞ്ഞ സർക്കാരിന് നല്ല ഉദ്ദേശം മാത്രമേയുളളുവെന്നും സൂചിപ്പിച്ചു. കടലാക്രമണത്തിൽ വീട് തകർന്ന് ക്യാമ്പിൽ കഴിയുന്ന 102 കുടുംബങ്ങൾക്ക് 5500 വീതം ആദ്യഘട്ട സഹായധനം ചടങ്ങിൽ നൽകി. വിഴിഞ്ഞം സമരത്തെ തുടർന്ന് മന്ത്രിതല ചർച്ചയുടെ അടിസ്ഥാനത്തിലാണ് സഹായധനം പ്രഖ്യാപിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ വിമർശനത്തിൽ അതിരൂപത പ്രതിഷേധം അറിയിച്ചു. ഉപസമിതി യോഗത്തിൽ മന്ത്രിമാരെയാണ് അതിരൂപത പ്രതിഷേധമറിയിച്ചത്.